Saturday, May 12, 2007

1:2 ദിവ്യത്വവും ദിവ്യമായ അനുഭവങ്ങളും


വേദ വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.
ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:
സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:2

ദിവ്യത്വവും ദിവ്യമായ അനുഭവങ്ങളും
ശ്ലോകം 1
വ്യാസ ഉവാച
ഇതി സം‌പ്രശ്ന സംഹൃഷ്ടോ
വിപ്രാണാം രൌമഹര്‍ഷണിഃ
പ്രതിപൂജ്യവചസ്തേഷാം
പ്രവക്തുമുപചക്രമേ

വിവര്‍ത്തനം

വ്യാസദേവന്‍ പറഞ്ഞു: അങ്ങനെ രോമഹര്‍ഷണ സുതനായ ഉഗ്രസ്രവന്‍(സുത ഗോസ്വാമി) അവിടെ കൂടിയിരുന്ന ബ്രഹ്മണരുടെ ചോദ്യങ്ങളില്‍ പൂര്‍ണ്ണമായും തൃപ്തനായി അവര്‍ക്കു നന്ദി പ്രകാശിപ്പിക്കുകയും ഒപ്പം ആ ശ്രേഷ്ഠമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളോരൊന്നായി നല്‍കുവാനാരംഭിച്ചു.

ശ്ലോകം 2
സൂത ഉവാച
യം പ്രവ്രജന്തമനുപേതമപേതകൃത്യം
ദ്വൈപായനോ വിരഹകാതര ആജുഹാവ
പുത്രേതി തന്മയതയാ തരവോऽഭിനേദു-സ്തം
സര്‍വഭൂതഹൃദയം മുനിമാനതോऽസ്മി

വിവര്‍ത്തനം

ശ്രീല സുത ഗോസ്വാമി പറഞ്ഞു: എല്ലാ ജീവസത്തകളുടെയും ഹൃദയത്തില്‍ കടന്നുചെല്ലാന്‍ കഴിവുള്ള ആ മഹാമുനി (ശുകദേവ ഗോസ്വാമി) യ്ക്ക് ആദ്യമായി എന്നെ സാദര പ്രണാമങ്ങളര്‍പ്പിയ്ക്കാന്‍ അനുവദിച്ചാലും. ഉന്നതകുല ജാതരായ ബ്രഹ്മണര്‍ അനുഷ്ഠിയ്ക്കുന്ന പരികര്‍മ്മങ്ങളോ ഉപനയനക്രിയകളോ കൂടാതെ എപ്പോഴാണോ അദ്ദേഹമൊരു സര്‍വ്വസംഗപരിത്യാഗിയായി(സന്യാസിയായി) വീടുപേക്ഷിച്ച് പോകാന്‍ തുടങ്ങിയത്, തന്‍റെ പിതാവായ വ്യാസദേവന്‍ ആ വേര്‍പാടിനെ ഭയന്നിട്ട് കരഞ്ഞു കൊണ്ട് “എന്‍റെ പുത്രാ!!!”, എന്ന് നിലവിളിച്ചു, വാസ്തവത്തില്‍ അവിടെയുണ്ടായിരുന്ന മഹാതരുക്കളില്‍ പോലും ആ തീവ്രദുഖത്തിന്‍റെ നിഴല്‍ ആ വൃദ്ധപിതാവിനു വേണ്ടി പ്രതിധ്വനിച്ചു നിന്നു.

ശ്ലോകം 3

യസ്സ്വാനുഭാവമഖിലശ്രുതിസാരമേക-

മദ്ധ്യാത്മദീപമതിതിതീര്‍ഷതാം തമോന്ധം

സംസാരിണാം കരുണയാഹ പുരാണഗുഹ്യം

തം വ്യാസസൂനുമുപയാമി ഗുരും മുനീനാം

വിവര്‍ത്തനം

എല്ലാ യോഗിവര്യന്മാരുടെയും ആദ്ധ്യാത്മിക ഗുരുവായ, അതിഭാവുകത്വം നിറഞ്ഞ ഭൌതികതയുടെ ഇരുണ്ട മേഖലയില്‍ മുങ്ങിത്താഴുന്ന പതിതാത്മാക്കളെ തന്‍റെ അനുകമ്പയാല്‍ മറുകര കടക്കാന്‍ സഹയിയ്ക്കാന്‍ തയ്യാറായ ആ മഹാനുഭാവന് (ശുകന്‍)വൈദിക ജ്ഞാനമിശ്രണത്തിന്‍റെ ഉപരിപ്ലവമായ ഗൂഢമായ അറിവിനെക്കുറിച്ച് സ്വന്തം അനുഭവങ്ങളില്‍ നിന്ന് പകര്‍ന്നു നല്കിയ അദ്ദേഹത്തിന് സാദര പ്രണാമങ്ങളര്‍പ്പിയ്ക്കാന്‍ നിങ്ങളെന്നെ അനുവദിച്ചാലും.

ശ്ലോകം 4

നാരായണം നമസ്കൃത്യ

നരം ചൈവ നരോത്തമം

ദേവീം സരസ്വതീം വ്യാസം

തതോ ജയമുദീരയേത്

വിവര്‍ത്തനം

അറിവിന്‍റെ ജഢരാഗ്നിയെ ശമിപ്പിയ്ക്കാന്‍ കഴിവുള്ള ശ്രീമദ്-ഭാഗവതം ചൊല്ലിതുടങ്ങുന്നതിന് മുന്നോടിയായി ഓരോരുത്തരും പരമ ദിവ്യോത്തമ പുരുഷനായ നാരായണനും, പ്രഥമ മനുഷ്യനും ശ്രേഷ്ഠനുമായ നര-നാരായണ ഋഷിയ്ക്കും, വിദ്യാദേവിയായ സരസ്വതി മാതാവിനും, എഴുതിയ ശ്രീല വ്യാസദേവനും സാദര പ്രണാമങ്ങള്‍ അര്‍പ്പിയ്ക്കേണ്ടതാണ്.

ശ്ലോകം 5

മുനയസ്സാധു പൃഷ്ടോऽഹം

ഭവദ്ഭിര്‍ല്ലോകമംഗളം

യത്‌കൃതഃ കൃഷ്ണസം‌പ്രശ്നോ

യേനാത്മാ സുപ്രസീദതി

വിവര്‍ത്തനം

അല്ലയോ മുനിവര്യന്‍മാരേ, സദാചാരപരമായും സാമൂഹ്യ നാന്മയ്ക്കുതകുന്നതുമായ ചോദ്യങ്ങളാണ് നിങ്ങളെന്നോട് ചോദിച്ചിരിയ്ക്കുന്നത്. നിങ്ങളുടെ ഈ സംശയങ്ങളൊക്കെത്തന്നെ വിലമതിയ്ക്കാനാകാത്തതാണ് കാരണം അവ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ടതും ലോകനന്മയ്ക്കുപയോഗ പ്രദവുമാകുന്നു. ഇത്തരം ചോദ്യങ്ങള്ക്കു മാത്രമേ ആത്മാവിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന് സാധിയ്ക്കുകയുള്ളൂ .


ശ്ലോകം 6

സ വൈ പുംസാം പരോ ധര്‍മ്മോ

യതോ ഭക്തിരധോക്ഷജേ

അഹൈതുക്യപ്രതിഹതാ

യയാത്മാ സം‌പ്രസീദതി

വിവര്‍ത്തനം

മാനവകുലത്തിന്‍റെ പരമമായ കര്‍ത്തവ്യം അഥവാ ധര്‍മ്മം എന്നത് സ്നേഹലിപ്തമായ ഭക്തിയുത ഭഗവദ് സേവനമാണ് . ആത്മാവിനെ സന്തുഷ്ടമാക്കുന്നതിലെയ്ക്കായി അത് ഫലേച്ഛയില്ലാതെയും നിര്‍ബാധം തുടരേണ്ടതുമാണ്.

ശ്ലോകം 7

വാസുദേവേ ഭഗവതി

ഭക്തിയോഗഃ പ്രയോജിതഃ

ജനയത്യാശു വൈരാഗ്യം

ജ്ഞാനം ച യദൈഹൈതുകം

വിവര്‍ത്തനം

പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണനുവേണ്ടി നാം അര്‍പ്പിയ്ക്കുന്ന ഭക്തിയുത ഭഗവദ് സേവനത്തിലൂടെ ഒരാള്‍ക്ക് അഹൈതുകമായ ജ്ഞാനവും ഇഹലോക വിരക്തിയും കരഗതമാകുന്നു.

ശ്ലോകം 8

ധര്‍മ്മസ്സ്വനുഷ്ഠിതഃ പുംസാം

വിഷ്വക്സേനകഥാസു യഃ

നോത്പാദയേദ്യദി രതിം

ശ്രമ ഏവ ഹി കേവലം.

വിവര്‍ത്തനം

പരമ ദിവ്യോത്തമപുരുഷന്‍റെ ഉപദേശങ്ങളിലേയ്ക്ക് ആകൃഷ്ടമാക്കാന്‍ പ്രാപ്തമല്ലാതെ നാം അനുഷ്ഠിയ്ക്കുന്ന നമ്മുടേതായ കര്‍ത്തവ്യങ്ങളെല്ലാം തന്നെ വൃഥാവിലാണ് . വെറും ശ്രമങ്ങള്‍ മാത്രമായി അത് പരിണമിയ്ക്കും.

ശ്ലോകം 9

ധര്‍മ്മസ്യ ഹ്യാപവര്‍ഗ്ഗസ്യ

നാര്‍ഥോऽര്‍ഥായ കല്പതേ

നാര്‍ഥസ്യ ധര്‍മ്മൈകാന്തസ്യ

കാമോ ലാഭായ ഹി സ്മൃതഃ

വിവര്‍ത്തനം

എല്ലാ കുല ധര്‍മ്മങ്ങളും തീര്‍ച്ചയായും പരമമായ മുക്തിയിലേയ്ക്ക് നമ്മെ നയിയ്ക്കുന്നതാണ്. പക്ഷെ അതൊരിയ്ക്കലും ഫലേച്ഛയോടെ ചെയ്യുന്നതാകരുത്. കൂടുതലായി പറയുകയാണെങ്കില്‍ പരമ മായ ധര്‍മ്മ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ഒരു വ്യക്തി തനിയ്ക്ക് ലഭിയ്ക്കുന്ന ഭൌതികമായ ലാഭത്തെ ഒരിയ്ക്കലും ഇന്ദ്രിയാസ്വാദനത്തിനായി ഉപയോഗിയ്ക്കാന്‍ പാടുള്ളതല്ലെന്നാണ് മുനി മതം.

ശ്ലോകം 10

കാമസ്യ നേന്ദ്രിയപ്രീതിര്‍

ലാഭോ ജീവേത യാവതാ

ജീവസ്യ തത്വജിജ്ഞാസാ

നാര്‍ഥോ യശ്ചേഹ കര്‍മ്മഭിഃ

വിവര്‍ത്തനം

ജീവിതാഭിലാഷങ്ങളെ നാം ഒരിയ്ക്കലും ഇന്ദ്രിയാസ്വാദനത്തിലേയ്ക്ക് നയിയ്ക്കുവാന്‍ പാടുള്ളതല്ല. മാനവ കുലത്തിന്‍റെ പരമമായ ധര്‍മ്മം പരമ സത്യത്തെക്കുറിച്ചുള്ള അന്വേഷണമാണെന്നിരിക്കെ, ഒരു നല്ല ജീവിതവും സ്വയ പര്യാപ്തതയും മാത്രമേ നാം ആഗ്രഹിയ്ക്കേണ്ടതുള്ളൂ.

ശ്ലോകം 11

വദന്തി തത്തത്വവിദഃ

തത്വം യജ്ഞാനമദ്വയം

ബ്രഹ്മേതി പരമാത്മേതി

ഭഗവാനിതി ശബ്ദ്യതേ

വിവര്‍ത്തനം

പരമസത്യത്തെ അറിയാവുന്ന ജ്ഞാനികളായ ആദ്ധ്യാത്മവാദികള്‍ ഈ അദ്വൈത വസ്തുവിനെ ബ്രഹ്മം, പരമാത്മാവ്, ഭഗവാന്‍ എന്നിങ്ങനെ വിളിയ്ക്കുന്നു.

ശ്ലോകം 12

തച്ഛ്രദ്ദധാനാ മുനയോ

ജ്ഞാനവൈരാഗ്യയുക്തയാ

പശ്യന്ത്യാത്മനി ചാത്മാനം

ഭക്ത്യാ ശ്രുതഗൃഹീതയാ

വിവര്‍ത്തനം

വേദാന്ത ശ്രുതിയില്‍ നിന്നുള്ള കേട്ടറിവ് അനുസരിച്ച് ജ്ഞാനവും വിരക്തിയും കൈമുതലായുള്ള കാര്യ ഗൌരവമുള്ളൊരു വിദ്യാര്‍ത്ഥിയ്ക്ക് അല്ലെങ്കില്‍ ഒരു യോഗിയ്ക്ക് ഭക്തിയുത ഭഗവദ് സേവനത്തിലൂടെ പരമസത്യത്തെ മനസ്സിലാക്കാം.

ശ്ലോകം 13

അതഃ പുംഭിര്‍ദ്വിജശ്രേഷ്ഠാ

വര്‍ണ്ണാശ്രമവിഭാഗശഃ

സ്വനുഷ്ഠിതസ്യ ധര്‍മസ്യ

സംസിദ്ധിര്‍ഹരിതോഷണം

വിവര്‍ത്തനം

അതുകൊണ്ട് അല്ലയോ ദ്വിജ ശ്രേഷ്ടാ, മത ധര്‍മ്മങ്ങളനുസരിച്ച്, വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളനുസരിച്ച് പരിപൂര്‍ണ്ണതയുടെ വിവക്ഷ പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനെ പ്രീതിപ്പെടുത്തലാണെന്ന് നമുക്ക് ഉപസംഹരിയ്ക്കാം, അതാണ് അവന് വിധിച്ചിട്ടുള്ള കര്‍ത്തവ്യവും

ശ്ലോകം 14

തസ്മാദേകേന മനസാ

ഭഗവാന്‍ സാത്വതാം പതിഃ

ശ്രോതവ്യഃ കീര്‍ത്തിതവ്യശ്ച

ധ്യേയഃ പൂജ്യശ്ച നിത്യദാ

വിവര്‍ത്തനം

അതുകൊണ്ട്, ഒരേ ബിന്ദുവില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരാള്‍ നിത്യവും ഭക്തര്‍ സം രക്ഷകനായ ഭഗവാനെക്കുറിച്ച് ശ്രവിക്കുകയും, കീര്‍ത്തിയ്ക്കുകയും, ആരാധിയ്ക്കുകയും വേണം,

ശ്ലോകം 15

യദനുദ്ധ്യാസിനാ യുക്താഃ

കര്‍മ്മഗ്രന്ഥി നിബന്ധനം

ഛിന്ദന്തി കോവിദാസ്തസ്യ

കോ ന കുര്യാത് കഥാരതിം

വിവര്‍ത്തനം

പരമ ദിവ്യോത്തമ പുരുഷനെ നിത്യേന ഓര്‍ക്കുക വഴി തന്‍റെ കൈയ്യിലുള്ള ജ്ഞാന ഖഡ്ഗത്താല്‍ ബുദ്ധിമാനായ മനുഷ്യന്‍ പ്രതിപ്രവര്‍ത്തനങ്ങളെ(കര്‍മ്മത്തെ) ഓരോന്നായി ഛേദിയ്ക്കാന്‍ കഴിയും. ആയതിനാല്‍, ആരാണ് അദ്ദേഹത്തിന്‍റെ ഉപദേശങ്ങളെ മാനിയ്ക്കാതിരിയ്ക്കുന്നത്?

ശ്ലോകം 16

ശുശ്രൂഷോഃ ശ്രദ്ദധാനസ്യ

വാസുദേവകഥാരുചിഃ

സ്യാന്മഹത്സേവയാ വിപ്രാഃ

പുണ്യതീര്‍ഥനിഷേവണാത്

വിവര്‍ത്തനം

അല്ലയോ ദ്വിജ ശ്രേഷഠാ, എല്ലാ ദുരാചാരങ്ങളില്‍ നിന്നും പൂര്‍ണ്ണമായും കരകയറിയ പരമ ഭക്തന്മാരെ സേവിക്കുകയെന്നാല്‍ നാം വലിയൊരു കര്‍തവ്യമാണവിടെ നിറവേറ്റിയിരിയ്ക്കുന്നത്. അത്തരം സേവനങ്ങള്‍ നമ്മെ വസുദേവന്‍റെ ഉപദേശങ്ങള്‍ ശ്രവിയ്ക്കുന്നതിന് പ്രാപ്തരാക്കി തീര്‍ക്കുന്നു.

ശ്ലോകം 17

ശൃണ്വതാം സ്വകഥാം കൃഷ്ണഃ

പുണ്യശ്രവണകീര്‍ത്തനഃ

ഹൃദ്യന്തസ്ഥോ ഹ്യഭദ്രാണി

വിധുനോതി സുഹൃത്സതാം

വിവര്‍ത്തനം

സര്‍വ്വ ജീവജാലങ്ങളുടെയും ഹൃദയത്തില്‍ പരമാത്മാവായും സത്യസന്ധനായ ഭക്തന് സഹായിയായും വര്‍ത്തിയ്ക്കുന്ന പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ നന്മയെ മാത്രം സ്വാംശീകരിച്ചിരിയ്ക്കുന്ന ഉപദേശങ്ങളെ ശരിയാം വിധം ശ്രവിയ്ക്കുകയും ഉരുവിടുകയും ചെയ്യുക വഴി നാം നന്മയുടെ പാതയിലേയ്ക്ക് നയിയ്ക്കപ്പെടുകയായി.

ശ്ലോകം 18

നഷ്ടപ്രായേഷ്വഭദ്രേഷു

നിത്യം ഭാഗവതസേവയാ

ഭഗവത്യുത്തമശ്ലോകേ

ഭക്തിര്‍ഭവതി നൈഷ്ഠികീ

വിവര്‍ത്തനം

നിത്യേനയുള്ള ഭാഗവത പഠന ശിബിരങ്ങളിലൂടെയും പരമഭക്തന്മാര്‍ക്ക് നാം ചെയ്യുന്ന സേവകള്‍ മുഖേനയും മനസ്സിലെ പ്രശ്നങ്ങളൊക്കെയും പൂര്‍ണ്ണമായും നശിയ്ക്കുകയും, സ്നേഹയുതമായ ഭക്തിയുത ഭഗവദ് സേവനത്തിന് നാം പ്രാപ്തരാകുകയും, ആത്മീയ ശ്ലോകങ്ങളാല്‍ വാഴ്ത്തപ്പെടുന്ന ഭഗവാന്‍ ഒരു നിത്യ സത്യമായി നമ്മില്‍ കുടികൊള്ളുകയും ചെയ്യുന്നു.

ശ്ലോകം 19

തദാ രജസ്തമോ ഭാവാഃ

കാമലോഭാദയശ്ച യേ

ചേത ഏതൈരനാവിദ്ധം

സ്ഥിതം സത്വേ പ്രസീദതി

വിവര്‍ത്തനം

നമ്മുടെ ഹൃദയത്തില്‍ അത്തരം ഒരു നിത്യമായ ഭാവം ഭഗവദ് സേവനത്തിലുണ്ടായാല്‍ ഉടന് തന്നെ പ്രകൃതിയുടെ വൈവിധ്യ ഭാവങ്ങളായ രജോ-തമോ ഗുണങ്ങളില്‍ നിന്നുളവാകുന്ന കാമ, ക്രോധ, ലോഭ മോഹങ്ങള്‍ ഹൃദയത്തെ വിട്ടകലുന്നു. അപ്പോള്‍ ഭക്തന്‍ സദ്ഗുണങ്ങളില്‍ മാത്രം വര്‍ത്തിയ്ക്കുകയും, അവന് സ്ഥായിയായ സംതൃപ്തി ലഭിയ്ക്കുകയും ചെയ്യുന്നു.

ശ്ലോകം 20

ഏവം പ്രസന്നമനസോ

ഭഗവത്ഭക്തിയോഗതഃ

ഭഗവത്തത്വവിജ്ഞാനം

മുക്തസംഗസ്യ ജായതേ

വിവര്‍ത്തനം

അങ്ങനെ കളങ്കരഹിതമായ സന്തോഷഭാവത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഭക്തന്‍റെ മനസ്സ് എല്ലായ്പ്പോഴും ഭഗവദ് സേവന ത്വരയാല്‍ ഉത്തേജിത മാവുകയും അപ്പോളദ്ദേഹത്തിന് പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനെക്കുറിച്ചുള്ള ഋണമായ ശാസ്ത്രീയ ജ്ഞാനം കൈവശമാകുകയും, അങ്ങനെ അയാള്‍ക്ക് ഭൌതികമായ സഹവാസങ്ങളില്‍ നിന്ന് മുക്തി ലഭിയ്ക്കുകയും ചെയ്യുന്നു.

ശ്ലോകം 21

ഭിദ്യതേ ഹൃദയഗ്രന്ഥിഃ

ഛിദ്യന്തേ സര്‍വസംശയാഃ

ക്ഷീയന്തേ ചാസ്യ കര്‍മ്മാണി

ദൃഷ്ട ഏവാത്മനീശ്വരേ

വിവര്‍ത്തനം


അങ്ങനെ ഹൃദയത്തിലെ കെട്ടുബന്ധങ്ങളെല്ലാം അറ്റ്, സംശയങ്ങളെയെല്ലാം തച്ചുടച്ച് കഷണങ്ങളാക്കി എപ്പോഴാണോ ഒരുവന്‍ ആത്മാവിനെ തന്‍റെ ചൈത്യഗുരുവായി കാണുന്നു അപ്പോള്‍ അയാള്‍ തന്‍റെ ഫലേച്ഛയോടെയുള്ള പ്രവൃത്തികളാകുന്ന ചങ്ങലയെ പൊട്ടിച്ചെറിയുന്നു.

ശ്ലോകം 22

അതോ വൈ കവയോ നിത്യം

ഭക്തിം പരമയാ മുദാ

വാസുദേവേ ഭഗവതി

കുര്‍വന്ത്യാത്മപ്രസാദനീം.

വിവര്‍ത്തനം


അതുകോണ്ട് തീര്‍ച്ചയായും നമുക്ക് ഒരു കാര്യം ഉറപ്പിയ്ക്കാം അനാദികാലം മുതല്‍ക്കുതന്നെ എല്ലാ ആത്മീയവദികളും പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ കൃഷ്ണനു വേണ്ടി ഭക്തിയുത ഭഗവത് സേവനം നടത്തിയിരുന്നു, അത്തരം പരമാനന്ദം പ്രധാനം ചെയ്യുന്ന ഭക്തിയുത സേവനം ആത്മാവിനെ ചൈതന്യവത്താക്കുന്നു.


ശ്ലോകം 23

സത്വം രജസ്തമ ഇതി പ്രകൃതേര്‍ഗുണാസ്തൈഃ

യുക്തഃ പരഃ പുരുഷ ഏക ഇഹാസ്യ ധത്തേ

സ്ഥിത്യാദയേ ഹരിവിരിഞ്ചിഹരേതി സംജ്ഞാഃ

ശ്രേയാംസി തത്ര ഖലു സത്വതനോര്‍നൃണാം സ്യുഃ

വിവര്‍ത്തനം


ഭഗവാന്‍റെ ആത്മീയ വ്യക്തിത്വം പരോക്ഷമായി ഭൌതിക പ്രകൃതിയുടെ പരോഭാവങ്ങളായ സത്വ, രജോ, തമോ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു, കൂടാതെ ഭൌതികലോകത്തിലെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ക്കായി അവിടുന്ന് മൂന്ന് ഗുണരൂപങ്ങളായ ബ്രഹ്മ, വിഷ്ണു, മഹേശ്വര രൂപങ്ങളും സ്വീകരിച്ചിരിയ്ക്കുന്നു. ഈ മൂന്നു ഗുണങ്ങളില്‍ നിന്ന് നന്മയുടെ ആകാര മായ വിഷ്ണുമൂര്‍ത്തിയില്‍ നിന്നും എല്ലാമാനവര്‍ക്കും അങ്ങേയറ്റത്തെ ഗുണഗണങ്ങള്‍ ലഭിയ്ക്കുന്നതാണ്.


ശ്ലോകം 24

പാര്‍ഥിവാദ്ദാരുണോ ധൂമഃ

തസ്മാദഗ്നിസ്ത്രയീമയഃ

തമസസ്തു രജസ്തസ്മാത്

സത്വം യത് ബ്രഹ്മദര്‍ശനം

വിവര്‍ത്തനം


തടിയാല്‍ ജ്ജ്വലിയ്ക്കുന്ന അഗ്നികുണ്ഡം ഭൂമിയുടെ ഇനിയൊരു രൂപാന്തരമാകുന്നു, എന്നാല്‍ പച്ചയായ തടീ പുകയെക്കാള്‍ നല്ലതാണ്, എന്നാല്‍ അഗ്നി പുകയെക്കാള്‍ മെച്ചമാണ് അത് നമുക്ക് കൂടുതല്‍ ജ്ഞാനം പകര്‍ന്നു നല്‍കുന്നു (വൈദിക സംസ്കാരങ്ങളിലൂടെ), അതുപോലെ രജോഗുണം തമോഗുണത്തെക്കാള്‍ മെച്ചമാണ്, എന്നാല്‍ നന്മമാത്രം വിതയ്ക്കുന്ന സത്വഗുണമാണ് ഏറ്റവും മെച്ചം കാരണം സത്വഗുണത്തില്‍ നിന്ന് മാത്രമേ പരമസത്യത്തെ സാക്ഷാത്കരിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.


ശ്ലോകം: 25

ഭേജിരേ മുനയോऽഥാഗ്രേ

ഭഗവന്തമധോക്ഷജം

സത്വം വിശുദ്ധം ക്ഷേമായ

കല്പന്തേ യേऽനു താനിഹ

വിവര്‍ത്തനം


മുന്‍പേ തന്നെ എല്ലാ മഹായോഗികളും പരമദിവ്യോത്തമ പുരുഷനായ ഭഗവാന് സേവനങ്ങള്‍ നടത്തിയിരുന്നു കാരണം ത്രിവിധത്തിലുള്ള ഭൌതികപ്രപൃതിയുടെയും മുകളിലുള്ള അദ്ദേഹത്തിന്‍റെ നിലനില്പു തന്നെ. ഭൌതിക ബദ്ധതയില്‍ നിന്നു പുറത്തു വരുന്നതിനും അതിലുപരി തങ്ങളുടെ ജീവിതത്തില്‍ നിന്നും ഏറ്റവും മെച്ചമായ ഫലം കണ്ടത്തുന്നതിനും വേണ്ടിയാണവര്‍ അങ്ങനെ ചെയ്തിരുന്നത്.

ശ്ലോകം 26

മുമുക്ഷവോ ഘോരരൂപാന്

‍ഹിത്വാ ഭൂതപതീനഥ

നാരായണകലാഃ ശാന്താഃ

ഭജന്തി ഹ്യനസൂയവഃ

വിവര്‍ത്തനം


മുക്തിയെ പ്രാപിയ്ക്കാന്‍ കാര്യഗൌരവത്തോടെ ആലോചിയ്ക്കുന്നവരൊന്നും തന്നെ അസൂയാലുക്കളായിരിയ്ക്കുകയില്ലെന്ന് മാത്രവുമല്ല മറ്റുള്ളവരെ ബഹുമാനിയ്ക്കുന്നവരും ആയിരിയ്ക്കും. അവര്‍ ബീഭത്സങ്ങളായ ഉപദൈവതങ്ങളെ ഉപേക്ഷിയ്ക്കുകയും സര്‍വ്വൈശ്വര്യദായകരൂപങ്ങളായ വിഷ്ണുവിനെയും വിഷ്ണുവിന്‍റെ അംശങ്ങളെയും ആരാധിയ്ക്കുകയും ചെയ്യുന്നു.


ശ്ലോകം 27

രജസ്തമഃ പ്രകൃതയഃ

സമശീലാ ഭജന്തി വൈ

പിതൃഭൂതപ്രജേശാദീന്

‍ശ്രിയൈശ്വര്യപ്രജേപ്സവഃ


വിവര്‍ത്തനം


രജോഗുണത്തിലും തമോഗുണത്തിലും സ്ഥിതിചെയ്യുന്നവര്‍ പ്രാപഞ്ചിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്ന പിതൃക്കളെയോ ഉപദേവന്മാരെയോ മറ്റ് ജീവജാലങ്ങളെയോ ആരാധിയ്ക്കുന്നു, സ്ത്രീ, ധനം, അധികാരം, സന്തതികള്‍ തുടങ്ങിയ ഭൌതിക കാര്യങ്ങള്‍ നേടുന്നതിനുള്ള ആഗ്രഹത്താല്‍ പ്രചോദിതരായാണ് അത്തരക്കാര്‍ ഇങ്ങനെ ചെയ്യുന്നത്.


ശ്ലോകം 28-29

വാസുദേവപരാഃ വേദാഃ

വാസുദേവപരാ മഖാഃ

വാസുദേവപരാ യോഗാഃ

വാസുദേവപരാ ക്രിയാഃ

വാസുദേവപരം ജ്ഞാനം

വാസുദേവപരം തപഃ

വാസുദേവപരോ ധര്‍മ്മോ

വാസുദേവപരാ ഗതിഃ

വിവര്‍ത്തനം


അറിയപ്പെടുന്ന വൈദിക ഗ്രന്ഥങ്ങളിലെല്ലാം തന്നെ, പരമമായ ജ്ഞാനവസ്തു പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനെന്ന് പറഞ്ഞിരിയ്ക്കുന്നു. യാഗങ്ങള്‍ അവിടുത്തെ പ്രീതിയ്ക്കായാണ് അനുഷ്ഠിയ്ക്കുന്നത്, യോഗ അവിടുത്തെ മനസ്സിലാക്കുന്നതിനായിട്ടാണ് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. എല്ലാ ഭൌതിക കര്‍മ്മങ്ങള്‍ക്കുമുള്ള ഫലം ആത്യന്തികമായി അവിടുന്നു മാത്രം വിധിയ്ക്കുന്നു. പരമമായ ജ്ഞാനവും അവിടുന്നു തന്നെ കൂടാതെ കാഠിന്യമേറിയ അനുഷ്ഠാനങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നതിനായിട്ടാണ് നടത്തേണ്ടത്. മതധര്‍മ്മങ്ങള്‍ അവിടുത്തേയ്ക്കായി ചെയ്യുന്ന ഭക്തിയുത സേവന മാണ്. അങ്ങനെ ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ അവിടുന്നാണ്.


ശ്ലോകം 30

സ ഏവേദം സസര്‍ജ്ജാഗ്രേ

ഭഗവാനാത്മമായയാ

സദസദ്രൂപയാ ചാസൌ

ഗുണമയ്യാऽഗുണോ വിഭുഃ


വിവര്‍ത്തനം


ഭൌതിക സൃഷ്ടിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ വസുദേവന്‍ ആത്മീയ ധാമത്തിലിരുന്നുകൊണ്ട് തന്‍റെ തന്നെ ചിത്(ആന്തരിക ഊര്‍ജ്ജം) ശക്തിയാല്‍ സൃഷ്ടിച്ചതാണ് ഈ കാരണങ്ങളും സിദ്ധികളും ആകുന്ന ഊര്‍ജ്ജരൂപങ്ങളെല്ലാം തന്നെ.

ശ്ലോകം 31

തയാ വിലസിതേഷ്വേഷു

ഗുണേഷു ഗുണവാനിവ

അന്തഃപ്രവിഷ്ട ആഭാതി

വിജ്ഞാനേന വിജൃംഭിതഃ

വിവര്‍ത്തനം


ഭൌതിക സൃഷ്ടികള്‍ നടത്തിയതിന് ശേഷം ഭഗവാന്‍(വാസുദേവന്‍) സ്വയം പലതായി വികസിയ്ക്കുകയും സൃഷ്ടികള്‍ക്കുള്ളിലേയ്ക്ക് പ്രവേശിയ്ക്കുകയും ചെയ്യുന്നു. പ്രാപഞ്ചികമായ ഭൌതിക പ്രകൃതിയ്ക്കുള്ളിലാണ് അവിടുത്തെ വാസം എങ്കില്‍ക്കൂടി തന്‍റെ ഓരോ ഭൌതിക സൃഷ്ടികളെയും ആത്മീയ വിധാനത്തില്‍ ഉദ്ബോധിപ്പിച്ച് കൊണ്ടേയിരിയ്ക്കുന്നതായാണ് കാണപ്പെടുന്നത്.


ശ്ലോകം 32

യഥാ ഹ്യവഹിതോ വഹ്നിഃ

ദാരുഷ്വേകഃ സ്വയോനിഷു

നാനേവ ഭാതി വിശ്വാത്മാ

ഭൂതേഷു ച തഥാ പുമാന്‍.

വിവര്‍ത്തനം


പരമാത്മാവായ ഭഗവാന്‍ തടിയില്‍ വ്യാപിയ്ക്കുന്ന അഗ്നി കണക്കെ സര്‍വ്വവ്യാപിയാണ്, അതുകൊണ്ട് തന്നെ മാറ്റുരയ്ക്കാന്‍ മറ്റൊന്നില്ലാത്ത പരമസത്യമായ അവിടുന്ന് വ്യത്യസ്തങ്ങളായാണ് കാണപ്പെടുന്നത്.


ശ്ലോകം 33

അസൌ ഗുണമയൈര്‍ഭാവൈഃ

ഭൂതസൂക്ഷ്മേന്ദ്രിയാത്മഭിഃ

സ്വനിര്‍മ്മിതേഷു നിര്‍വിഷ്ടോ

ഭുങ്‌ക്തേ ഭൂതേഷു തദ്ഗുണാന്‍.

വിവര്‍ത്തനം


ഭൌതിക പ്രകൃതിയുടെ വിവിധ ഭാവങ്ങളാല്‍ പ്രചോദിതരാകുന്ന തന്‍റെ സൃഷ്ടികളില്‍ പരകായ പ്രവേശം ചെയ്യുന്ന പരമാത്മാവ് തങ്ങളുടെ അതി സൂക്ഷ്മമായ മനസ്സിലൂടെ ആ ആനന്ദം നുകരുന്നതിന് കാരണ ഭൂതനാവുകയും ചെയ്യുന്നു.


ശ്ലോകം 34

ഭാവയത്യേഷ സത്വേന

ലോകാന്‍ വൈ ലോകഭാവനഃ

ലീലാവതാരാനുരതോ

ദേവ തിര്യങ്‌നരാദിഷു.

വിവര്‍ത്തനം


അങ്ങനെ പ്രപഞ്ച നാഥനായ ഭഗവാന്‍ ഉപദേവന്മാരും, മാനവ സമൂഹവും, താണനിലവാരത്തിലുള്ള മൃഗങ്ങള്‍ തുടങ്ങി എല്ലാവരും അധിവസിയ്ക്കുന്ന ഗ്രഹങ്ങളെയൊട്ടാകെ പരിപാലിയ്ക്കുന്നു. വിവിധാനങ്ങളായ അവതാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവിടുന്ന് ശുദ്ധസത്വത്തില്‍ വര്‍ത്തിയ്ക്കുന്ന ജീവാത്മക്കളെ സന്മാര്‍ഗ്ഗത്തില്‍ നയിയ്ക്കുന്നതിലേയ്ക്കായി വൈവിത്യങ്ങളായ ലീലകളാടുന്നു.

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം രണ്ടിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.


No comments: