Saturday, May 12, 2007

1:1 മാമുനി മാരുടെ ചോദ്യങ്ങള്‍!


വേദ വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:


സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:1

മാമുനി മാരുടെ ചോദ്യങ്ങള്‍!

ശ്ലോകം 1

ഓം നമോ ഭഗവതേ വാസുദേവായ
ജന്മാദ്യസ്യ യതോന്വയാദിതരതഃ
ചാര്‍ഥേഷ്വഭിജ്ഞഃ സ്വരാട്
തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത്‌സൂരയഃ
തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസര്‍ഗ്ഗോऽമൃഷാ
ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി
വിവര്‍ത്തനം

അല്ലയൊ!! വസുദേവ സുതനായ ഭഗവാനേ ശ്രീ കൃഷ്ണാ, സര്‍വ്വവ്യാപിയും പരമ ദിവ്യോത്തമ പുരുഷനുമായ അങ്ങേയ്ക്കായി ഞാനെന്‍റെ കോടി നമസ്കാരങ്ങള്‍ അര്‍പ്പിയ്ക്കുന്നു. ഞാനെപ്പോഴും ഭഗവാന്‍ ശ്രീ കൃഷ്ണനില്‍ ധ്യാന നിരതനാവുന്നു കാരണം ഇന്നീക്കാണുന്ന പ്രത്യക്ഷ പ്രപഞ്ചങ്ങളുടെയെല്ലാം പരമസത്യവും ആദികാരണങ്ങളുടെ കാരണവുമായ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ ഉറവിടം അങ്ങയില്‍ നിക്ഷിപ്തമാണെന്ന് ഞാനറിയുന്നു എന്നതു തന്നെ. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിവിശേഷങ്ങളുമായി നേരിട്ടോ അല്ലാതെയോ അവിടുന്നുമായി ബന്ദിപ്പിച്ചിരിയ്ക്കുന്നു, കൂടാതെ അങ്ങ് സ്വതന്ത്രനുമാണ്‍ കാരണം അങ്ങേയ്ക്കുപരിയായ് മറ്റൊരു കാരണം ഇല്ലെന്നതുതന്നെ. പ്രഥമ ജീവസത്തയായ ബ്രഹ്മദേവന്‍ വൈദികമായ ജ്ഞാനം പകര്‍ന്നു നല്‍കിയതും അങ്ങല്ലാതെ മറ്റാരുമല്ലെന്നതും ഞാനറിയുന്നു. അഗ്നിയില്‍ പ്രത്യക്ഷമാകുന്ന ജലകണങ്ങളെയോ ജലത്തെയുള്‍ക്കൊള്ളുന്ന ഭൂമിയെയൊ വിഭ്രമതയോടെ വീക്ഷിയ്ക്കുന്ന ഒരുവനെ പോലെ അദ്ദേഹം മഹാമുനിമാരെയും ഉപദേവന്മാരെപ്പോലും ചിലപ്പോള്‍ വിസ്മൃതിയില്‍ നിര്‍ത്താറുണ്ട്. ഭൌതിക പ്രപഞ്ചങ്ങളിലെ ത്രിവിധത്തിലുള്ള പ്രാപഞ്ചികവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളാല് പ്രത്യക്ഷമാകുന്ന താല്‍കാലിക സൃഷ്ടികള്‍ അയഥാര്‍ത്ഥ്യമാണെങ്കില്‍പ്പോലും അവിടുത്തെ കാരുണ്യം നിമിത്തം യാഥാര്‍ത്ഥ്യമായി കാണപ്പെടുന്നതും ഞാനറിയുന്നു. ആയതിനാല്‍ ഭൌതികലോകത്തിന്‍റെ മായികാഭാവങ്ങളില്‍ നിന്നും സനാതനമായി വെറിട്ടു നില്‍ക്കുന്ന ആത്മീയവിധാനത്തില്‍ ശശ്വതനായിരിയ്ക്കുന്ന അങ്ങേയില്‍ ഞാന്‍ ധ്യാനനിരതനാകുന്നു. പരമ സത്യമായ അങ്ങയെ ഞാന്‍ ധ്യാനിയ്ക്കുന്നു.


ശ്ലോകം 2
ധര്‍മ്മഃ പ്രോജ്ഝിത കൈതവോऽത്ര പരമോ നിര്‍മ്മത്സരാണാം സതാം
വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം
ശ്രീമദ്ഭാഗവതേ മഹാമുനികൃതേ കിം വാ പരൈരീശ്വര-സ്സദ്യോ
ഹൃദ്യവരുദ്ധ്യതേऽത്രകൃതിഭിഃ ശുശ്രൂഷുഭിസ്തത്‌ക്ഷണാത്‌

വിവര്‍ത്തനം

ഭൌതിക പ്രകൃതിയാല്‍ ഉത്സുകരായി നാം ഏര്‍പ്പെടുന്ന എല്ലാ മതമൌലിക പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിയ്ക്കുമ്പോള്‍ ഈ ഭാഗവത പുരാണം നമുക്ക് എറ്റവും വലിയ സത്യം വെളിപ്പെടുത്തിത്തരുന്നു, അത് തികച്ചും സാത്വികനായ ഒരു ശുദ്ധ ഭക്തന് മാത്രമേ മനസ്സിലാക്കാന്‍ സാധിയ്ക്കുകയുള്ളൂ. മായയില്‍ നിന്നും വേര്‍തിരിച്ച എല്ലാവരുടെയും ക്ഷേമത്തിനായിട്ടുള്ള നന്മ അതാണിവിടെ ഏറ്റവും വലിയ സത്യമായി വിവക്ഷിച്ചിട്ടുള്ളത്. ആ സത്യം ത്രിവിധ ക്ലേശങ്ങളെ വേരോടെ നീക്കം ചെയ്യുന്നു. മഹാമുനി വ്യാസദേവനാല്‍ രചിയ്ക്കപ്പെട്ട ഈ സുന്ദര സൃഷ്ടി, ഭാഗവതം ഈശ്വര സാക്ഷാത്കാരത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ ഉപാധിയാകുന്നു. വ്യാസദേവന്‍റെ പരിപക്വമായ സൃഷ്ടികളില്‍ ഏറ്റവും ഉന്നതമായിട്ടുള്ളത്. എന്തിനാണ് നമുക്കിനി മറ്റൊരു വൈദിക ഗ്രന്ഥം? എപ്പൊഴാണോ ഒരാള്‍ വളരെ ശ്രദ്ധയോടെ, ഭയഭക്തി ബഹുമാനങ്ങളോടെ ഭാഗവത സൂക്തങ്ങള്‍ ശ്രവിയ്ക്കുന്നത്, അപ്പോള്‍ തന്നെ ആ അറിവിന്‍റെ സംസ്കാരം പരമോന്നതനായ ഭഗവാനെ ശ്രോതാവിന്‍റെ ഹൃദയത്തില്‍ പ്രതിഷ്ഠിയ്ക്കുന്നു.

ശ്ലോകം 3
നിഗമകല്പതരോര്‍ഗ്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാ ഭുവി ഭാവുകാഃ

വിവര്‍ത്തനം

അല്ലയൊ ചിന്താശക്തിയുള്ള ജീവസത്തകളേ , വൈദിക സാഹിത്യത്തിലെ വളരെ പരിപക്വമായ ഭാഗവതം എന്ന ഈ ഫലത്തെ വേണ്ടുവോളം ആസ്വദിയ്ക്കൂ. ഇതിലെ വരികളോരോന്നും ശുകദേവഗോസ്വോമിയുടെ അധരപുടങ്ങളില്‍ നിന്നുതിര്‍ന്ന് വീണവയാണ് , എന്നതുകൊണ്ടുതന്നെ ഇത് അതിലും മധുരതരമാകുന്നു. മുക്താത്മാക്കളുള്‍പ്പെടെ പല ശ്രേഷ്ഠരും ഇതിന്‍റെ രുചി നേരത്തെ അറിഞ്ഞുകഴിഞ്ഞിരിയ്ക്കുന്നു.

ശ്ലോകം 4
നൈമിഷേऽനിമിഷക്ഷേത്രേ
ഋഷയശ്ശൌനകാദയഃ
സത്രം സ്വര്‍ഗ്ഗായ ലോകായ
സഹസ്രസമമാസത

വിവര്‍ത്തനം

ഒരിയ്ക്കല്‍ നൈമിഷാരണ്യത്തിലെ ഒരു പുണ്യസ്ഥലത്ത് വച്ച് മാമുനികളെല്ലാം ഒത്തുചേര്‍ന്ന് സഹസ്ര വര്ഷ‍ത്തേയ്ക്ക് ഒരു യാഗം ആരംഭിച്ചു. ഭഗവാനെയും ഭക്തന്മാരെയും പ്രീതിപ്പെടുത്തലായിരുന്നു യാഗ ലക്ഷ്യം.

ശ്ലോകം 5

ത ഏകദാ തു മുനയഃ

പ്രാതര്‍ഹുതഹുതാഗ്നയഃ

സത്കൃതം സൂതമാസീനം

പപ്രച്ഛുരിദമാദരാത്.

വിവര്‍ത്തനം

ഒരു ദിവസം, നൈമിഷാരണ്യത്തിലൊത്തുചേര്‍ന്ന മുനിമാരെല്ലാം പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞ് യാഗശാലയില്‍ അഗ്നി കുണ്ഡം ഒരുക്കി പുണ്യാത്മാവായ ശ്രീല സുത ഗൊസ്വോമിയ്ക്ക് ആസനവുമൊരുക്കി വളരെ ബഹുമാന പുരസ്കരം തങ്ങളുടെ സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിയ്ക്കാന്‍ ആരംഭിച്ചു.

ശ്ലോകം 6

ഋഷയ ഊചുഃ

ത്വയാ ഖലു പുരാണാനി

സേതിഹാസാനി ചാനഘ!

ആഖ്യാതാന്യപ്യധീതാനി

ധര്‍മ്മശാസ്ത്രാണി യാന്യുത.

വിവര്‍ത്തനം

മുനിമാര്‍ പറഞ്ഞു: അല്ലയൊ സുത മഹാത്മാവേ അങ്ങയുടെ ബൌദ്ധികത ഈരേഴു ലോകങ്ങളിലും പുകള്‍പെറ്റതാണ് . ധാര്‍മ്മിക ജീവിതത്തിനാവശ്യമായ എല്ലാ ശാസ്ത്രങ്ങളിലും ഉള്ള അങ്ങയുടെ പാണ്ഡിത്യം അപാരമാണെന്നതും ഞങ്ങളറിയുന്നു. അങ്ങ് പുരാണാദി ചരിത്രങ്ങളെല്ലാം ശരിയായിട്ടുള്ള ശിക്ഷണത്തിന്‍ കീഴില്‍ അഭ്യസിച്ചയാളും. ഞങ്ങള്‍ക്കുവേണ്ടി അതൊന്നുകൂടി ഉദ്ധരിച്ചാലും.

ശ്ലോകം 7

യാനി വേദവിദാം ശ്രേഷ്ഠോ

ഭഗവാന്‍ ബാദരായണഃ

അന്യേ ച മുനയഃ സൂത!

പരാവരവിദോ വിദുഃ

വിവര്‍ത്തനം

വേദപാണ്ഡിത്യത്തില്‍ അഗ്രഗണ്യനായിരിയ്ക്കുന്ന അല്ലയോ സുത ഗോസ്വോമീ, അങ്ങ് ഭഗവാന്‍റെ തന്നെ അവതാരമായ വ്യാസദേവനോളം തന്നെ അറിവ് നേടിയിരിയ്ക്കുന്നു. കൂടാതെ മറ്റുള്ള യോഗിവര്യന്മാരെപ്പോലെ തന്നെ അങ്ങയുടെ ഭൌതികവും ഭൌതികേതരവുമായ വിഷയങ്ങളിലുള്ള ജ്ഞാനത്തിന്‍റെ ആഴവും ഞങ്ങള്‍ അറിയുന്നു.

ശ്ലോകം 8
വേത്ഥ ത്വം സൌമ്യ! തത് സര്‍വം
തത്വതസ്തദനുഗ്രഹാത്
ബ്രൂയുഃ സ്നിഗ്ദ്ധസ്യ ശിഷ്യസ്യ
ഗുരവോ ഗുഹ്യമപ്യുത.


വിവര്‍ത്തനം

കൂടാതെ എളിമയും സഹന ശക്തിയും വേണ്ടുവോളമുള്ള അങ്ങയുടെ അദ്യാത്മിക ഗുരുക്കന്മാരെല്ലാം തന്നെ തങ്ങളുടെ പ്രിയ ശിഷ്യന്മാരെ പോലെ എല്ലാം ഭാവുകങ്ങളും സഹായങ്ങളും അങ്ങേയ്ക്കരുളി അനുഗ്രഹിച്ചിരിയ്ക്കുന്നതും ഞങ്ങള്‍ അറിയുന്നു. അതുകൊണ്ടു തന്നെ ശാസ്ത്രീയമായി നേടിയിരിയ്ക്കുന്ന ആ അറിവിന്‍റെ പീയുഷം പകര്‍ന്നു നല്‍കാന്‍ അവിടുത്തേയ്ക്ക് മാത്രമേ സാധിയ്ക്കുകയുള്ളൂ.

ശ്ലോകം 9
തത്ര തത്രാഞ്ജസാऽയുഷ്മന്‍!
ഭവതാ യദ്വിനിശ്ചിതം
പുംസാമേകാന്തതഃ ശ്രേയഃ
തന്നശ്ശംസിതുമര്‍ഹസി

വിവര്‍ത്തനം

അതുകൊണ്ട് വര്‍ഷങ്ങളുടെ അനുഗ്രഹീത പാരമ്പര്യമുള്ള അങ്ങ് ദയവായി ഞങ്ങള്‍ക്ക്, എന്താണ് യാഥാര്‍ത്ഥ്യമെന്നും പരമ സത്യം എന്താണെന്നും എല്ലാ ജീവ സത്തകള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു തന്നാലും.

ശ്ലോകം 10
പ്രായേണാല്പായുഷസ്സഭ്യ!
കലാവസ്മിന്‍ യുഗേ ജനാഃ
മന്ദാസ്സുമന്ദമതയോ
മന്ദഭാഗ്യാഹ്യുപദ്രുതാഃ


വിവര്‍ത്തനം

അല്ലയൊ പണ്ഠിത ശ്രേഷ്ഠാ, ഈ ലോഹായുഗമായ കലിയില്‍ മനുഷ്യരെല്ലാം അല്പായുസ്സുക്കളാണ് . അവര്‍ വഴക്കാളികളും, മടിയന്മാരും, അപചാരികളും, നിര്‍ഭാഗ്യവാന്മാരും, അതിലുപരി മനസ്ചാഞ്ചല്യമുള്ളവരുമാണ് .

ശ്ലോകം 11
ഭൂരീണി ഭൂരി കര്‍മ്മാണി
ശ്രോതവ്യാനി വിഭാഗശഃ
അതസ്സാധോऽത്ര യത് സാരം
സമുദ്ധൃത്യ മനീഷയാ
ബ്രൂഹി നഃ ശ്രദ്ദധാനാനാം
യേനാത്മാ സുപ്രസീദതി
വിവര്‍ത്തനം

വ്യത്യസ്ത നിലവാരങ്ങളിലുള്ള വിവിധ വൈദിക കൃതികള്‍ ഇന്നുണ്ട്, അവയിലോരോന്നിലും വ്യത്യസ്തങ്ങളായ മനുഷ്യോപകാര പ്രധാനമായ കര്‍തവ്യങ്ങള്‍ വ്യക്തമാക്കുന്നുമുണ്ട്, പക്ഷെ അവയൊക്കെ മനസ്സിലാക്കണമെങ്കില്‍ വര്‍ഷങ്ങളുടെ പ്രയത്നം ആവശ്യമാണ് . അതുകൊണ്ട് അല്ലയൊ യോഗിവര്യാ, ഈ മഹത് ഗ്രന്ഥങ്ങളുടെ സത്ത എല്ലാ ജീവസത്തകളുടെയും നന്മയ്ക്കായി അങ്ങ് വിവരിച്ചാലും, അങ്ങനെ അവരുടെ ഹൃദയാഭിലാഷങ്ങളെ പൂര്‍ണതയിലേയ്ക്ക് നയിച്ചാലും.

ശ്ലോകം 12

സൂത! ജാനാസി ഭദ്രം തേ

ഭഗവാന്‍ സാത്വതാം പതിഃ

ദേവക്യാം വസുദേവസ്യ

ജാതോ യസ്യ ചികീര്‍ഷയാ

വിവര്‍ത്തനം

ഓ സൂത ഗോസ്വാമി അങ്ങേയ്ക്ക് ഞങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും അരുളുന്നു. വസുദേവ പുത്രനായി ദേവകിയുടെ ഗര്‍ഭത്തില്‍ പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ എന്തിനു വേണ്ടി അവതരിച്ചു എന്നത് അങ്ങേയ്ക്ക് നന്നായറിയാം.

ശ്ലോകം 13

തന്നഃ ശുശ്രൂഷമാണാനാം

അര്‍ഹസ്യംഗാനുവര്‍ണ്ണിതും

യസ്യാവതാരോ ഭൂതാനാം

ക്ഷേമായ ച ഭവായ ച


വിവര്‍ത്തനം

ഓ സുത ഗോസ്വോമി, പരമ സത്യമായ ഭഗവാനെയും അവിടുത്തെ അവതാരങ്ങളെയും കുറിച്ചറിയുന്നതിന് ഞങ്ങള്‍ വളരെ ഉത്സുകരാണ് . പൂര്‍വികാചാര്യന്മാരില്‍ നിന്ന് അങ്ങേയ്ക്ക് ലഭ്യമായ ആ അറിവ് ഞങ്ങള്‍ക്ക് വേണ്ടി വിവരിച്ചാലും, അത് ശ്രവിച്ചും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കിയും ഓരോ ജീവസത്തയും സ്വയം ഉദ്ധരിയ്ക്കട്ടെ!

ശ്ലോകം 14

ആപന്നസ്സംസൃതീം ഘോരാം

യന്നാമ വിവശോ ഗൃണന്‍

തതസ്സദ്യോ വിമുച്യേത

യദ്‌ ബിഭേതി സ്വയം ഭയം

വിവര്‍ത്തനം

ജനിമൃതികളാകുന്ന ചങ്ങലയ്ക്കുള്ളിലകപ്പെട്ട് നട്ടം തിരിയുന്ന പതിതാത്മാക്കള്‍ പോലും അറിഞ്ഞോ അറിയാതെയോ ഭഗവാന്‍ കൃഷണന്‍റെ നാമം ഉരുവിട്ടാല്‍ തന്നെ അവയില്‍ നിന്നെല്ലാം മുക്തരാകുന്നു, അത് ഭയാവതാരിയായ ഭയത്തിനെ പ്പൊലും പേടിപ്പെടുത്തുന്നു.

ശ്ലോകം 15

യത് പാദസംശ്രയാഃ സൂത!

മുനയഃ പ്രശമായനാഃ

സദ്യഃ പുനന്ത്യുപസ്പൃഷ്ടാഃ

സ്വര്‍ധുന്യാപോऽനുസേവയാ.


വിവര്‍ത്തനം

ഓ സുത, പല ആവൃത്തി ഉപയോഗിച്ചതിനുശേഷവും പവിത്രീകരിയ്ക്കുന്ന ഗംഗാജലം പോലെ ഭഗവദ് പാദാരവിന്ദങ്ങളില്‍ പൂര്‍ണ്ണമായും അഭയം പ്രാപിച്ച അത്തരം മാമുനിമാരുമായുള്ള സത്സംഗം തന്നെ നമുക്ക് വളരെയധികം പുണ്യം നേടിത്തരുന്നു.

ശ്ലോകം 16
കോ വാ ഭഗവതസ്തസ്യ
പുണ്യശ്ലോകേഡ്യകര്‍മ്മണഃ
ശുദ്ധികാമോ ന ശ്രൃണുയാദ്
യശഃ കലിമലാപഹം
വിവര്‍ത്തനം
ഈ ഭവ സാഗരമാകുന്ന കലിയുഗത്തില്‍ നിന്നും മുക്തിയാഗ്രഹിയ്ക്കാത്ത ആരാണിവിടുള്ളത്? നന്മ നിറഞ്ഞ ഭഗവാന്‍റെ ചെയ്തികള്‍ കേള്‍ക്കാനിഷ്ടമല്ലാത്ത ഏതു പതിതാത്മാവാണുള്ളത്?
ശ്ലോകം 17
തസ്യ കര്‍മ്മാണ്യുദാരാണി
പരിഗീതാനി സൂരിഭിഃ
ബ്രൂഹി നഃ ശ്രദ്ദധാനാനാം
ലീലയാ ദധതഃ കലാഃ

വിവര്‍ത്തനം
അവിടുത്തെ അദ്ധ്യാത്മിക പ്രവൃത്തികളെല്ലാം തന്നെ ബൌദ്ധികവും നന്മയാല്‍ പ്രചോദിതവുമാണ് കൂടാതെ പണ്ഠിത ശ്രേഷ്ഠന്മാരായ മാമുനികളില്‍ അഗ്രഗണ്യനായ നാരദര്‍ അത് പാടി നടക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദയവായി അങ്ങ് വിവിധാനങ്ങളായ അവതാരങ്ങളിലൂടെ അദ്ദേഹം നടമാടിയ ആ സാഹസിക പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.
ശ്ലോകം 18
അഥാऽഖ്യാഹി ഹരേര്‍ദ്ധീമന്!
അവതാരകഥാഃ ശുഭാഃ
ലീലാ വിദധതഃ സ്വൈരം
ഈശ്വരസ്യാത്മമായയാ
വിവര്‍ത്തനം
അല്ലയോ സുത പണ്ഠിതരേ, പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ തന്‍റെ വിവിധങ്ങളായ അവതാരങ്ങളിലൂടെ നടമാടിയ പൂര്‍വ്വ ലീലാവിലാസങ്ങളെ ഞങ്ങള്‍ക്ക് വിവരിച്ചു തന്നാലും. പരമ നിയന്താവായ അദ്ദേഹം തന്‍റെ ചിത് ശക്തിയാല്‍(ആന്തരിക ശക്തിയാല്‍) നടമാടിയ ആ പുണ്യ സാഹസിക പ്രവൃത്തികളെക്കുറിച്ച് ഞങ്ങള്‍ക്ക് ദയവായി പറഞ്ഞു തന്നാലും.
ശ്ലോകം 19
വയം തു ന വിതൃപ്യാമ
ഉത്തമശ്ലോകവിക്രമേ
യച്ഛൃണ്വതാം രസജ്ഞാനാം
സ്വാദുസ്വാദു പദേ പദേ
വിവര്‍ത്തനം
പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍റെ ആദ്യാത്മിക ലീലകള്‍ മന്ത്രങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും പാടിപുകഴ്ത്തുന്നതു കേള്‍ക്കുമ്പോള്‍ ഞങ്ങളോരിയ്ക്കലും തളരാറില്ല. അദ്ദേഹവുമായുള്ള അദ്ധ്യാത്മിക ബന്ധത്തിന്‍റെ രുചിയറിഞ്ഞ യാതൊരാളും ആ ദിവ്യ ലീലകള്‍ കേള്‍ക്കുമ്പോള്‍ ശ്രേഷ്ഠമായ മറ്റൊരുത്കൃഷ്ടാനന്ദം കണ്ടെത്തുകയാണ് ചെയ്യുന്നത്.
ശ്ലോകം 20
കൃതവാന്‍ കില കര്‍മണി
സഹ രാമേണ കേശവഃ
അതിമര്‍ത്ത്യാനി ഭഗവാന്
‍ഗൂഢഃ കപടമാനുഷഃ

വിവര്‍ത്തനം
പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണനും ഒപ്പം ബലരാമനും ചേര്‍ന്നു മാനുഷിക തലത്തില്‍ കളിച്ചു നടന്നു, എന്നിരുന്നാലും മറ്റുള്ളവരെ വിഭ്രാന്തിയിലാക്കുന്ന മൂടുപട മണിഞ്ഞ് പല അമാനുഷിക പ്രവൃത്തികളും അവര്‍ നടത്തിയിരിയ്ക്കുന്നു എന്നതും ഞങ്ങളറിയുന്നു.
ശ്ലോകം 21
കലിമാഗതമാജ്ഞായ
ക്ഷേത്രേऽസ്മിന്‍ വൈഷ്ണവേ വയം
ആസീനാഃ ദീര്‍ഘസത്രേണ
കഥായാം സക്ഷണാ ഹരേഃ

വിവര്‍ത്തനം

കലിയുടെ പ്രഭാവം തുടങ്ങിയിരിയ്ക്കുന്നു എന്നറിഞ്ഞു കോണ്ട് തന്നെയാണ് നാമിവിടെ ഈ പുണ്യ ഭൂമിയില്‍ പ്രധാനമായും സന്നിഹിതരായത് കൂടാതെ ഭഗവാന്‍റെ ആത്മീയ ഉപദേശങ്ങളെ ശ്രവിച്ച് നമുക്ക് യാഗപ്രക്രിയകള്‍ അനുഷ്ഠിയ്ക്കാം.

ശ്ലോകം 22
ത്വം നസ്സന്ദര്‍ശിതോ ധാത്രാ
ദുസ്തരം നിസ്തിതീര്‍ഷതാം
കലിം സത്വഹരം പുംസാം
കര്‍ണ്ണധാര ഇവാര്‍ണ്ണവം
വിവര്‍ത്തനം

ഞങ്ങളൊരുപക്ഷേ അങ്ങയെ കണ്ടുമുട്ടിയത് പരമ പിതാവായ ഭഗവാന്‍റെ ഇച്ഛ ഒന്നു കൊണ്ടു മാത്രമാകാം, അതുകൊണ്ട് മാത്രമാകാം ഞങ്ങളവിടുത്തെ കലിസന്ധരണത്തിനുള്ള വഴികള്‍ തേടുന്ന എല്ലവരും ഉള്‍ക്കൊള്ളുന്ന ഈ കപ്പലിന്‍റെ കപ്പിത്താനാകാന്‍ ക്ഷണിച്ചതും. ഈ കലി ഓരൊ നിമിഷവും മനുഷ്യ വര്‍ഗ്ഗത്തിന്‍റെ നന്മയെ അലിയിച്ചില്ലാതാക്കുകയാണ്.

ശ്ലോകം 23
ബ്രൂഹി യോഗേശ്വരേ കൃഷ്ണേ
ബ്രഹ്മണ്യേ ധര്‍മ്മവര്‍മ്മണി
സ്വാം കാഷ്ഠാമധുനോപേതേ
ധര്‍മ്മഃ കം ശരണം ഗതഃ
വിവര്‍ത്തനം

പരമസത്യവും, സര്‍വ്വ അമാനുഷിക ഊര്‍ജ്ജങ്ങളുടെ ഉറവിടവുമായ ഭഗവാന്‍ ശ്രീ കൃഷ്ണന് ഇവിടം വിട്ട് തന്‍റെ പരമമായ ധാമത്തിലേയ്ക്ക് യാത്രയായിരിയ്ക്കുന്നു. ആയതിനാല്‍ ആരിലാണ് മത ധര്‍മ്മങ്ങളെല്ലാം പോയി അഭയം പ്രാപിച്ചിരിയ്ക്കുന്നതെന്ന് ദയവായി അങ്ങ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം ഒന്നിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.

2 comments:

One Swallow said...

ജീവോ ജീവസ്യ ജീവനം ഭാഗവതത്തില്‍ എവിടെ?

എന്‍റെ ഗുരുനാഥന്‍ said...

കാത്തിരിയ്ക്കൂ കണ്ടെത്താം?