Saturday, May 12, 2007

1:3 എല്ലാ അവതാരങ്ങളുടെയും പ്രഭവസ്ഥാനം-ശ്രീ കൃഷ്ണന്‍


കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.


ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:


സ്കന്ധം ഒന്ന്


സൃഷ്ടി


അദ്ധ്യായം:3


എല്ലാ അവതാരങ്ങളുടെയും പ്രഭവസ്ഥാനം-ശ്രീ കൃഷ്ണന്‍


ശ്ലോകം 1
സൂത ഉവാച
ജഗൃഹേ പൌരുഷം രൂപം
ഭഗവാന്‍ മഹദാദിഭിഃ
സംഭൂതം ഷോഡശകലം
ആദൌ ലോകസിസൃക്ഷയാ
വിവര്‍ത്തനം

സൂതന്‍ പറഞ്ഞു: സൃഷ്ടിയുടെ ആരംഭത്തില്‍, ഭഗവാന്‍ സ്വയം വികസിയ്ക്കുകയും പുരുഷാവതാരിയായ വിരാട രൂപം കൈക്കൊണ്ട് ഭൌതിക സൃഷ്ടിയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും അവിടെ പ്രത്യക്ഷമാക്കി. അങ്ങനെ അവിടെ ആദ്യമായി ഭൌതിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പതിനാറ് മൂല സൂത്രങ്ങളെ സൃഷ്ടിച്ചു. ഭൌതിക പ്രപഞ്ചത്തെ സൃഷ്ടിയ്ക്കാന്‍ വേണ്ടിയാണ് ഭഗവാന്‍ അങ്ങനെ ചെയ്തത്.
ശ്ലോകം 2
യസ്യാംഭസി ശയാനസ്യ
യോഗനിദ്രാം വിതന്വതഃ
നാഭിഹ്രദാംബുജാദാസീത്
ബ്രഹ്മാ വിശ്വസൃജാം പതിഃ
വിവര്‍ത്തനം

ആ പുരുഷാവതാരിയുടെ ഒരു ഭാഗം പ്രപഞ്ചജലത്തിനടിയിലായാണ് സ്ഥിതിചെയ്യുന്നത്, അവിടുത്തെ നാഭിയില്‍ നിന്നും ഒരു താമര താര് മുളച്ചു പൊന്തിയിരിയ്ക്കുന്നു, ആ താമരതണ്ടിന് മുകളിലായി ഒരു പദ്മം വിടര്‍ന്നു നില്‍ക്കുന്നു, അതിനു മുകളിലായി സൃഷ്ടിയുടെ നാഥനായ ബ്രഹ്മാവ് അവതരിച്ചിരിക്കുന്നു.

ശ്ലോകം 3
യസ്യാവയവസംസ്ഥാനൈഃ
കല്പിതോ ലോകവിസ്തരഃ
തദ്വൈ ഭഗവതോ രൂപം
വിശുദ്ധം സത്വമൂര്‍ജ്ജിതം
വിവര്‍ത്തനം

വികസിതരൂപമായ ആ പുരുഷാവതാരിയിലാണ് എല്ലാ പ്രപഞ്ച സൌരയൂഥങ്ങളുടെയും സ്ഥിതിയെന്ന് കരുതിപ്പോരുന്നു, അവിടുത്തെ സൃഷ്ടിയുടെ ഫലമായുണ്ടായ ഭൌതിക ഘടകങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. സനാതനമായി ആത്മീയതലത്തില്‍ വിരാജിയ്ക്കുന്ന അവിടുത്തെ ശരീരം അതിവിശിഷ്ടമായിരിയ്ക്കുന്നു.

ശ്ലോകം 4
പശ്യന്ത്യദോ രൂപമദഭ്രചക്ഷുഷാ
സഹസ്രപാദോരുഭുജാനനാദ്ഭുതം
സഹസ്രമൂര്‍ദ്ധശ്രവണാക്ഷിനാസികം
സഹസ്രമൌല്യംബരകുണ്ഡലോല്ലസത്‌
വിവര്‍ത്തനം

ആയിരക്കണക്കിന് പാദങ്ങളും, തുടകളും, കരങ്ങളും, മുഖങ്ങളും ഉള്‍ക്കൊണ്ടിരിയ്ക്കുന്ന ആ ആത്മീയരൂപം ഭക്തന്മാരുടെ പൂര്‍ണ്ണ നേത്രങ്ങള്‍ക്ക് മാത്രമേ ആ പുണ്യാത്ഭുതരൂപ ദര്‍ശന സൌഭഗം ലഭിയ്ക്കുകയുള്ളൂ. അനവധി ശിരസ്സും, കര്‍ണ്ണങ്ങളും, നേത്രങ്ങളും, നാസികകളും അതിലുണ്ട്. ആയിരക്കണക്കിന് കിരീടങ്ങളും, തിളങ്ങുന്ന കര്‍ണ്ണാഭരണങ്ങളും, പുഷ്പഹാരങ്ങളും കൊണ്ട് അതെല്ലാം മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു.

ശ്ലോകം 5
ഏതന്നാനാവതാരാണാം
നിധാനം ബീജമവ്യയം
യസ്യാംശാംശേന സൃജ്യന്തേ
ദേവതിര്യങ്നരാദയഃ

വിവര്‍ത്തനം

പരമ പുരുഷന്‍റെ ദ്വിതീയവതാരമായ ഈ രൂപം പ്രസ്തുത പ്രപഞ്ചത്തിലെ, ബഹുവിധമായ വിനാശമില്ലാത്ത ബീജമാണ്. ഈ വിരാടരുപത്തിന്‍റെ ഭാഗങ്ങളില്‍ നിന്നും ഘടക വസ്തുക്കളില്‍ നിന്നുമാണ് മറ്റ് പല ജീവ സത്തകളായ ഉപദൈവതങ്ങളും, മനുഷ്യനും മറ്റുള്ളവയും സൃഷ്ടിയ്ക്കപ്പെട്ടത്.
ശ്ലോകം 6
സ ഏവ പ്രഥമം ദേവഃ
കൌമാരം സര്‍ഗ്ഗമാസ്ഥിതഃ
ചചാര ദുശ്ചരം ബ്രഹ്മാ
ബ്രഹ്മചര്യമഖണ്ഡിതം

വിവര്‍ത്തനം

സൃഷ്ടീയുടെ ആദ്യ ഘട്ടത്തില്‍ ബ്രഹ്മാവിന്‍ നാല്‍ പുത്രന്മാരുണ്ടായിരുന്നു, അവര്‍ വിവാഹം കഴിയ്ക്കാതെയും പരമസത്യത്തെ മനസ്സിലാക്കുന്നതിന്‍ പലേ കഠിനാനുഷ്ഠാനങ്ങള്‍ നടത്തിയും ബ്രഹ്മചാര്യ വ്രതത്തില്‍ കഴിഞ്ഞുപോന്നു.

ശ്ലോകം 7
ദ്വിതീയം തു ഭവായാസ്യ
രസാതലഗതാം മഹീം
ഉദ്ധരിഷ്യന്നുപാധത്ത
യജ്ഞേശഃ സൌകരം വപുഃ

വിവര്‍ത്തനം

യജ്ഞ സ്വീകാരിയായ ഭഗവാന്‍ അതിനുശേഷം ശൂകര രുപം സ്വീകരിച്ചു(ദ്വിതീയവതാരം), കൂടാതെ ഭൂമിദേവിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അവിടുന്ന് നരക ലോകങ്ങളില്‍ നിന്ന് ഭൂമിയെ ഉയര്‍ത്തി വച്ചു.

ശ്ലോകം 8
തൃതീയമൃഷിസര്‍ഗ്ഗം ച
ദേവര്‍ഷിത്വമുപേത്യ സഃ
തന്ത്രം സാത്വതമാചഷ്ട
നൈഷ്കര്‍മ്മ്യം കര്‍മ്മണാം യതഃ
വിവര്‍ത്തനം

ഋഷിമാരുടെ ആയിരം വര്‍ഷത്തില്‍ അവിടുന്ന്, പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ തന്‍റെ മൂന്നാമത്തെ അവതാരമായി ഉപദേവന്മാരില്‍ ശ്രേഷ്ടനായ ദേവര്‍ഷി നാരദരുടെ രൂപം കൈക്കൊള്ളുകയും ചെയ്തു. കൂടാതെ ഭക്തിയുത ഭഗവദ് സേവനത്തെയും അതിലൂടെ നമുക്കു കൈവരിയ്ക്കവുന്ന ഫലേച്ഛകൂടാതെയുള്ള ധര്‍മ്മത്തെയും സ്വാംശീകരിച്ചിരിയ്ക്കുന്ന വേദഭാഗങ്ങളെ സ്വരൂപിയ്ക്കുകയും അവ മറ്റുള്ളവര്‍ക്കായി വിതരണം ചെയ്യുകയും ച്യ്തു.

ശ്ലോകം 9
തുര്യേ ധര്‍മ്മകലാസര്‍ഗ്ഗേ
നരനാരായണാവൃഷീ
ഭൂത്വാത്മോപശമോപേത-
മകരോദ്ദുശ്ചരം തപഃ
വിവര്‍ത്തനം

നാലാമത്തെ അവതാരത്തില്‍ ഭഗവാന്‍ ധര്‍മ്മ മഹാരാജാവിന്‍റെ പത്നിയുടെ ഇരട്ട പുത്രന്മാരായ നര, നാരായണന്മാരായി അവതരിച്ചു. അങ്ങനെ അവിടുന്ന് കാഠിന്യമേറിയതും ശ്രേഷ്ഠവുമായ തപശ്ചര്യകള്‍ അനുഷ്ഠിച്ച് ഇന്ദ്രിയങ്ങളെ എങ്ങനെ നിയന്ത്രിയ്ക്കാം എന്നത് കാണിച്ചു തന്നു.

ശ്ലോകം 10
പഞ്ചമഃ കപിലോ നാമഃ
സിദ്ധേശഃ കാലവിപ്ലുതം
പ്രോവാചാസുരയേ സാംഖ്യം
തത്വഗ്രാമവിനിര്‍ണ്ണയം
വിവര്‍ത്തനം

അഞ്ചാമതായി പരിപൂര്‍ണ്ണത കൈവരിച്ച ശ്രേഷ്ഠരായ വ്യ്ക്തികളില്‍ ഭഗവാന്‍ കപില ദേവനായി അവതരിച്ചു. അവിടുന്ന് തത്ത്വമീമാംസയെയും സൃഷ്ടിമൂലകങ്ങളെയും വ്യാഖ്യാനിച്ചു, പക്ഷെ കാലം കടന്നു പോകുന്നതിനിടയില്‍ ആ ജ്ഞാന ശാഖ നശിയ്ക്കുകയാണുണ്ടായത്.
ശ്ലോകം 11
ഷഷ്ഠമത്രേരപത്യത്വം
വൃതഃ പ്രാപ്തോऽനസൂയയാ
ആന്വീക്ഷികീമളര്‍ക്കായ
പ്രഹ്ലാദാദിഭ്യ ഊചിവാന്‍

വിവര്‍ത്തനം

അത്രി പുത്രനായ ദത്താത്രേയനായിരുന്നു പുരുഷാവതാരങ്ങളില്‍ ആറാമത്തേത്. ഭഗവാന്‍റെ ഒരവതാരത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച അനസൂയയുടെ ഗര്‍ഭത്തിലായിരുന്നു അവിടുന്ന് ജന്മം കൊണ്ടത്. അദ്ധ്യാത്മിക വിഷയങ്ങളില്‍ അവിടുന്ന് അളാര്‍ക്കനും, പ്രഹ്ലാദനും, യദുവിനും, ഹൈഹയനും അങ്ങനെ മറ്റുപലര്‍ക്കും അങ്ങ് ഗുരുവായി.
ശ്ലോകം 12
തതസ്സപ്തമ ആകൂത്യാം
രുചേര്യജ്ഞോഭ്യജായത
സ യാമാദ്യൈസ്സുരഗണൈ-
രപാത്‌സ്വായംഭുവാന്തരം
വിവര്‍ത്തനം

പ്രജാപതി രുചിയുടെയും പത്നി ആകുതിയുടെയും പുത്രനായ യജ്ഞന്‍ ആയിരുന്നു ഭഗവാന്‍റെ എഴാമത്തെ അവതാരം. സ്വയംഭൂവമനുവിന്‍റെ പരിവര്‍ത്തന സമയമാണദ്ദേഹത്തിന്‍റെ ഭരണകാലം. ഉപദേവന്മാരില്‍ അവിടുത്തെ പുത്രനായിരുന്ന യമനും മറ്റ് ഉപദേവന്മാരും അദ്ദേഹത്തിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു.

ശ്ലോകം 13
അഷ്ടമേ മേരുദേവ്യാം തു
നാഭേര്‍ജ്ജാ‍ത ഉരുക്രമഃ
ദര്‍ശയന്‍ വര്‍ത്മ ധീരാണാം
സര്‍വാശ്രമനമസ്കൃതം
വിവര്‍ത്തനം

എട്ടാമത്തെ അവതാരമായ ഋഷഭ മഹാരാജാവ്, നഭി മഹരാജാവിന്‍റെയും പത്നി മേരുവതിയുടെയും പുത്രനായിരുന്നു. പൂര്‍ണ്ണമായുള്ള ഇന്ദ്രിയ നിയന്ത്രണം വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളുടെ പാലനം എന്നിവയിലേയ്ക്കുള്ള പാതയാണദ്ദേഹം ഈ അവതാരത്തിലൂടെ കാണിച്ചുകൊടുത്തത്, അതുവഴി പരിപൂര്‍ണ്ണത എന്താണെന്ന് ജീവാത്മക്കള്‍ക്ക് കാണിച്ചു കൊടുത്തു.

ശ്ലോകം 14
ഋഷിഭിര്‍‌യാചിതോ ഭേജേ
നവമം പ്രാര്‍ഥിവം വപുഃ
ദുഗ്ദ്ധേമാമോഷധീര്‍വിപ്രാ-
സ്തേനായം സ ഉശത്തമഃ
വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണരേ, മുനിമാരുടെ പ്രാര്‍ത്ഥനകളുടെ ഫലമായി അവിടുന്ന് തന്‍റെ ഒന്‍പതാമത്തെ അവതാരത്തിലൂടെ ഒരു രാജാവിന്‍റെ(പൃഥു മഹരാജാവ്) ശരീരം സ്വീകരിയ്ക്കുകയും ഭൂമിയില്‍ കൃഷിയിറക്കി പലതരത്തിലുള്ള ഉല്പന്നങ്ങള്‍ കൊയ്തെടുത്തു, അക്കാരണത്താല്‍ തന്നെ ഭൂമി വളരെ സുന്ദരിയായും ആകൃഷ്ടയായും കാണപ്പെട്ടു.

ശ്ലോകം 15
രൂപം സ ജഗൃഹേ മാത്സ്യം
ചാക്ഷുഷോദധിസം‌പ്ലവേ
നാവ്യാരോപ്യ മഹീമയ്യാ-
മപാദ്‌ വൈവസ്വതം മനും

വിവര്‍ത്തനം

ചക്ഷുസ മനുവിന്‍റെ കാലഘട്ടത്തിനുശേഷം എപ്പോഴാണോ ഇവിടെ പ്രളയം ബാധിച്ചത് ഈ ലോകം മുഴുവനും ജലത്തിനടിയില്‍ അകപ്പെട്ടുപോയി, അങ്ങനെ ഭഗവാന്‍ ഒരു മത്സ്യരൂപത്തില്‍ വന്ന് വൈവസ്വതമനുവിനെ സം രക്ഷിച്ച്, ഒരു നൌകയിലെടുത്തു വച്ചു.
ശ്ലോകം 16
സുരാസുരാണാമുദധിം
മഥ്നതാം മന്ദരാചലം
ദധ്രേ കമഠരൂപേണ
പൃഷ്ഠ ഏകാദശേ വിഭുഃ
വിവര്‍ത്തനം

പതിനൊന്നാമത്തെ അവതാരമായി ഭഗവാന്‍ ഒരു ആമയുടെ രൂപം സ്വീകരിയ്ക്കുകയും അതിന്‍റെ പുറം ചട്ടയിന്മേല്‍ സുരന്മാരും അസുരന്മാരും ചേര്‍ന്ന് അമൃത് കടഞ്ഞെടുക്കുന്നതിന് വേണ്ടി മന്ധരാചല പര്‍വ്വതത്തെ ഉറപ്പിയ്ക്കുകയും ചെയ്തു.

ശ്ലോകം 17
ധാന്വന്തരം ദ്വാദശമം
ത്രയോദശമമേവ ച
അപായയത്‌ സുരാനന്യാന്
‍മോഹിന്യാ മോഹയന്‍ സ്ത്രിയാ

വിവര്‍ത്തനം

പന്ത്രണ്ടാമത്തെ അവതാരത്തില്‍ ഭഗവാന്‍ ധന്വന്തരിയായും പതിമൂന്നാമത്തേതില്‍ ഭഗവാന് അസുരന്മാരെ വശീകരിയ്ക്കുന്നതിനായി സുര സുന്ദരിയായ മോഹിനിയായും അവതരിച്ച് അമൃത് ദേവന്മാരെക്കൊണ്ട് പാനം ചെയ്യിയ്ക്കുകയും ചെയ്തു.

ശ്ലോകം 18
ചതുര്‍ദ്ദശം നാരസിംഹം
ബിഭ്രദ്ദൈത്യേന്ദ്രമൂര്‍ജ്ജിതം
ദദാര കരജൈര്‍വക്ഷ-
സ്യേരകാം കടകൃദ്യഥാ

വിവര്‍ത്തനം

പതിനലാമത്തെ അവതാരത്തില്‍ ഭഗവാന്‍ നരസിംഹമൂര്‍ത്തിയായി അവതരിയ്ക്കുകയും അസുരചക്രവര്‍ത്തിയും ബലവാനുമായ ഹിരണ്യകശിപുവിനെ ഒരു തച്ചന്‍ കരിമ്പുതണ്ടിനെ രണ്ടായി കീറിമുറിയ്ക്കുന്ന ലാഘവത്തോടെ തന്‍റെ നഖങ്ങള്‍കൊണ്ട് ഹിരണ്യകശിപുവിനെ രണ്ടായി മാന്തി പിളര്‍ന്നു.

ശ്ലോകം 19
പഞ്ചദശം വാമനകം
കൃത്വാऽഗാദധ്വരം ബലേഃ
പദത്രയം യാചമാനഃ
പ്രത്യാദിത്സുസ്ത്രിവിഷ്ടപം

വിവര്‍ത്തനം

പതിനഞ്ചാമത്തെ അവതാരത്തില്‍ ഭഗവാന്‍ കുള്ള ബ്രഹ്മണനായ വാമനനായി അവതരിയ്ക്കുകയും ബലി മഹാരാജാവ് ഒരുക്കിയ യാഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ത്രിലോകങ്ങളുടെയും അധിപനായ അദ്ദേഹം അതൊക്കെ ഹൃത്തിലൊതുക്കി വെറും മൂന്നടീ ഭൂമിയാണ് ദാനമായി യാചിച്ചത്.

ശ്ലോകം 20
അവതാരേ ഷോഡശമേ
പശ്യന്‍ ബ്രഹ്മദ്രുഹോ നൃപാന്
‍ത്രിസ്സപ്തകൃത്വഃ കുപിതഃ
നിക്ഷത്രാമകരോന്മഹീം
വിവര്‍ത്തനം

ഭഗവാന്‍റെ പതിനാറാമത്തെ അവതാരത്തില്‍ അവിടുന്ന് ക്ഷത്രിയ നിഗ്രഹത്തിനായി ഭൃഗുപതിയായി അവതരിയ്ക്കുകയും പതിനൊന്ന് പ്രാവശ്യം ക്ഷത്രിയ നിഗ്രഹം നടത്തുകയും ചെയ്തു. ക്ഷത്രിയര്‍ അഹംങ്കാരത്താല്‍ ശ്രേഷ്ഠരായ ബ്രഹ്മണരെ ഉപദ്രവിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഭഗവാന്‍ ഇങ്ങനെ ചെയ്തത്.

ശ്ലോകം 21
തതസ്സപ്തദശേ ജാതഃ
സത്യവത്യാം പരാശരാത്‌
ചക്രേ വേദതരോശ്ശാഖാ
ദൃഷ്ട്വാ പുംസോऽല്പമേധസഃ

വിവര്‍ത്തനം

അതിനുശേഷം തന്‍റെ പതിനേഴാമത്തെ അവതാരത്തിലൂടെ അവിടുന്ന്, ശ്രീ വ്യാസദേവനായി പരാശരമുനിയിലൂടെ സത്യവതിയുടെ ഗര്‍ഭത്തില്‍ പ്രവേശിയ്ക്കുകയും, വേദങ്ങളെ പലേ വിഭാഗങ്ങളായും ഉപ വിഭാഗങ്ങളായും വിഭജിയ്ക്കുകയും ചെയ്തു, സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയാണദ്ദേഹം ഇങ്ങനെ ചെയ്തത്.

ശ്ലോകം 22
നരദേവത്വമാപന്നഃ
സുരകാര്യചികീര്‍ഷയാ
സമുദ്രനിഗ്രഹാദീനി
ചക്രേ വീര്യാണ്യതഃ പരം

വിവര്‍ത്തനം

തന്‍റെ പതിനെട്ടമത്തെ അവതാരത്തില്‍ അവിടുന്ന് മര്യാദാ പുരുഷോത്തമനായ ശ്രീരാമനായി അവതരിച്ചു. ഉപദേവന്മാരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി അവിടുന്ന് അമാനുഷിക കഴിവുകള്‍ പ്രയോഗിയ്ക്കുകയും, ഭാരത സമുദ്രം കടന്ന് അവിടുന്ന് അസുര ചക്രവര്‍ത്തിയായ രാവണനെ നിഗ്രഹിയ്ക്കുകയും ചെയ്തു.

ശ്ലോകം 23
ഏകോനവിംശേ വിംശതിമേ
വൃഷ്ണിഷു പ്രാപ്യ ജന്മനീ
രാമകൃഷ്ണാവിതി ഭുവോ
ഭഗവാനഹരദ്‌ഭരം

വിവര്‍ത്തനം

പത്തൊന്‍പതാമത്തെയും ഇരുപതാമത്തെയും അവതാരങ്ങളില്‍ ഭഗവാന്‍ സ്വയം കൃഷ്ണ ബലരാമന്മാരായി വൃഷ്ണികുലത്തില്‍(യദു കുലം) അവതരിച്ചു, പ്രസ്തുത അവതാരത്തിലൂടെ ഭഗവാന്‍ ലോകത്തിലെ പലേ പ്രശ്നങ്ങളും ദുരീകരിച്ചു.

ശ്ലോകം 24
തതഃ കലൌ സം‌പ്രവൃത്തേ
സമ്മോഹായ സുരദ്വിഷാം
ബുദ്ധോ നാ മ്നാऽജനസുതഃ
കീകടേഷു ഭവിഷ്യതി
വിവര്‍ത്തനം

കലിയുഗാരംഭത്തില്‍ ഭഗവാന്‍ ഗയ എന്ന സ്ഥലത്ത് അജ്ഞനാപുത്രനായ ശ്രീബുദ്ധനായി അവതരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഈശ്വരവിശ്വാസികളില്‍ അസൂയാലുക്കളായവരെ ഉന്മൂലനം ചെയ്യുന്നതിനായിരിയ്ക്കും അവിടുത്തെ ആ ഉദ്യമം.

ശ്ലോകം 25
അഥാസൌ യുഗസന്ധ്യായാം
ദസ്യുപ്രായേഷു രാജസു
നിതാ വിഷ്ണുയശസോ
നാ മ്നാ കല്‍ക്കിര്‍ജഗത്‌പതിഃ
വിവര്‍ത്തനം

അനന്തരം രണ്ടു യുഗങ്ങളുടെയും സന്ധി വേളയില്‍ സൃഷ്ടികര്‍ത്താവായ ഭഗവാന്‍ വിഷ്ണു യശന്‍റെ പുത്രനായി കല്‍ക്കിയായി അവതരിയ്ക്കും. അക്കാലത്ത് ഭൂമിയിലെ ഭരണകര്‍ത്താക്കളെല്ലാം തന്നെ കവര്‍ച്ചക്കരായി തരംതാഴുകയും ചെയ്യും.
ശ്ലോകം 26
അവതാരാഹ്യസംഖ്യേയാ
ഹരേഃ സത്വനിധേര്‍ദ്വിജാഃ
യഥാऽവിദാസിനഃ കുല്യാഃ
സരസസ്സ്യുഃ സഹസ്രശഃ

വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണരേ, ഒരിയ്ക്കലും വറ്റാത്ത നീരുറവകളില്‍ നിന്നുദ്ഭവിയ്ക്കുന്ന ചെറു നദികള്‍ കണക്കെ ഭഗവാന്‍റെ അവതാരങ്ങളും എണ്ണമറ്റതാണ് .

ശ്ലോകം 27
ഋഷയോ മനവോ ദേവാ
മനുപുത്രാ മഹൌജസഃ
കലാഃ സര്‍വേ ഹരേരേവ
സപ്രജാപതയസ്തഥാ
വിവര്‍ത്തനം

വളരെ ശക്തന്മാരായ ഋഷിവര്യരും, മനുക്കളും കൂടാതെ മനുവംശത്തില്‍ വരുന്ന മറ്റുള്ളവരും എല്ലാം ഭഗവാന്‍റെ തന്നെ തുല്യശക്തി പേറുന്ന വിഭാഗങ്ങളോ ഭാഗഭാഗഥേയങ്ങളോ ആണ് . പ്രജാപതികളും ഈ ഗണത്തില്‍ പ്പെടുന്നവരാണ് .

ശ്ലോകം 28
ഏതേ ചാംശകലാഃ പുംസഃ
കൃഷ്ണസ്തു ഭഗവാന്‍ സ്വയം
ഇന്ദ്രാരിവ്യാകുലം ലോകം
മൃഡയന്തി യുഗേ യുഗേ
വിവര്‍ത്തനം

മുകളില്‍ പറഞ്ഞവരെല്ലാം തന്നെ ഭഗവാന്‍റെ ഭാഗങ്ങളോ ഭാഗഭാഗഥേയങ്ങളോ ആണെങ്കിലും ഭഗവാന്‍ ശ്രീ കൃഷ്ണനാണ് യഥാര്‍ത്ഥത്തില്‍ പരമ ദിവ്യോത്തമ പുരുഷന്‍. അസുരന്മാരാല്‍ സൃഷ്ടിയ്ക്കപ്പെടുന്ന കൌശലങ്ങള്‍ക്കൊക്കെയും പരിഹാരം കാണുന്നതിന് ഇവരും അതാത് ഗ്രഹങ്ങളില്‍ പ്രത്യക്ഷമാകുന്നു. ഭക്തവത്സനായ ഭഗവാന്‍ എല്ലായ്പ്പോഴും സുരന്മാരുടെ രക്ഷയ്ക്കായി അവതാരമെടുത്തുകൊണ്ടേയിരിയ്ക്കുന്നു.

ശ്ലോകം 29
ജന്മ ഗുഹ്യം ഭഗവതോ
യ ഏതത്‌പ്രയതോ നരഃ
സായം പ്രാതര്‍ഗൃണന്‍ ഭക്ത്യാ
ദുഃഖഗ്രാമാദ്‌വിമുച്യതേ
വിവര്‍ത്തനം

ഇത്തരത്തിലുള്ള ഭഗവാന്‍റെ അജ്ഞേയമായ പ്രത്യക്ഷപ്പെടലുകളെക്കുറിച്ച് ആരാണോ ശ്രദ്ധയോടെയും ഭക്തിയോടെയും പ്രഭാതത്തിലും പ്രദോഷത്തിലും അങ്ങയെ വഴ്ത്തി സ്തുതിയ്ക്കുന്നത് അക്കൂട്ടരെ ഭവസാഗരത്തില്‍ നിന്നും ഭഗവാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സംരക്ഷിയ്ക്കുന്നതാണ് .

ശ്ലോകം 30
ഏതദ്രൂപം ഭഗവതോ
ഹ്യരൂപസ്യ ചിദാത്മനഃ
മായാഗുണൈര്‍വിരചിതം
മഹദാദിഭിരാത്മനി
വിവര്‍ത്തനം

ഭഗവാന്‍റെ, ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിരാടസ്വരൂപം ഒരു സാമാന്യ സങ്കല്പം മാത്രമാണ്, ഭൌതികലോകത്തില്‍ പ്രത്യക്ഷമാകുന്ന ആ രൂപം വെറും ഭാവനാസൃഷ്ടം മാത്രവും. അല്പബുദ്ധികളുടെ (അവിശ്വാസികളുടെ) മുന്നില്‍ ഭഗവാന് രൂപമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള ഒരുപായം മാത്രമാണത്. എന്നാല്‍ വാസ്ഥവത്തില്‍ ഭഗവാന് ഭൌതികമായൊരു നിയതരൂപമില്ല.
ശ്ലോകം 31

യതാ നഭസി മേഘൌഘോ
രേണുര്‍ വ പാര്‍ത്ഥിവോ അനിലേ
ഏവം ദൃഷ്ഠാരി ദൃശ്യത്വം
ആരോപിതം അബൂദ്ധിഭിഃ
വിവര്‍ത്തനം

മേഘങ്ങളും പൊടിപടലങ്ങളും കാറ്റില്‍ പറക്കുന്നു, എന്നാല്‍ അല്പബുദ്ധികളായവര്‍ പറയും ആകാശം മേഘങ്ങളെക്കൊണ്ടു നിറഞ്ഞതാണെന്നും വായു മലിനമാണെന്നും മറ്റും. അതുപോലെ അത്തരക്കാര്‍ ഭൌതിക ശാരീരിക കല്പനകളിലൂടെ ആത്മാശത്തെക്കുറിച്ചും നിരൂപിയ്ക്കുന്നു.

ശ്ലോകം 32

അതഃ പരം യദ് അവ്യക്തം
അവ്യൂഢ-ഗുണ-ബ്രിംഹിതം
അദൃഷ്ടാശ്രുത-വസ്തുത്വത്
സ ജീവോ യത് പുനര്‍-ഭാവഃ
വിവര്‍ത്തനം

ഭഗവാന്‍റെ രൂപത്തെക്കുറിച്ചുള്ള ഇത്തരം സ്ഥൂല കല്പനകള്‍ക്കപ്പുറം അതി സൂക്ഷ്മവും, തനതായ രുപമില്ലാത്തതും, ഗോചരമല്ലാത്തതും, കേട്ടിട്ടില്ലത്തതും, അവതരിച്ചിട്ടില്ലത്തതുമായ മറ്റൊരു രുപം മുണ്ട്. ഈ സ്ഥൂലതയ്ക്കും ഉപരിയാണ് ജീവസത്തയുടെ രൂപം അല്ലെങ്കില്‍ അവയ്ക്ക് ജനിമൃതികളേ ഉണ്ടാകുമായിരുന്നില്ല.

ശ്ലോകം 33

യത്രേമേ സദ്-അസദ്-രൂപേ
പ്രതീസിദ്ധേ സ്വ-സം‌വിദ
അവിദ്യാത്മനി കൃതേ
ഇതി തദ് ബ്രഹ്മ-ദര്‍ശനം
വിവര്‍ത്തനം

അങ്ങനെ എപ്പോഴാണോ ഒരു വ്യക്തി ആത്മസാക്ഷാത്കാരത്തിലൂടെ സൂക്ഷ്മവും സ്ഥൂലവുമായ ശരീരത്തിന് ആത്മാംശവുമായി ബന്ധമില്ല എന്ന് മനസ്സിലാക്കുന്നത് ആസമയത്ത് അയാള്‍ സ്വയം തനിയ്ക്കും ഭഗവാനും തമ്മില്‍ വ്യത്യാസമില്ല എന്ന് കാണുന്നു.
ശ്ലോകം 34

യദി ഈശോപരാത ദേവി
മായ വൈശരദി മതിഃ
സമ്പന്ന ഏവേദി വിദുര്‍
മഹീംനി സ്വേ മഹീയതേ
വിവര്‍ത്തനം

അധമോര്‍ജ്ജം നമ്മില്‍ അടങ്ങുകയാണെങ്കില്‍ ആ ജീവസത്തയ്ക്ക് ഭഗവാന്‍റെ ആശീര്‍വാദത്താല്‍ ജ്ഞാനാര്‍ജ്ജനം സാദ്ധ്യമാകുന്നു. കൂടാതെ വളരെ പെട്ടെന്ന് തന്നെ ആത്മസാക്ഷാത്കാരം കൈവരുകയും ശ്രേയസ്സില്‍ വര്‍ത്തിയ്ക്കുകയും ചെയ്യുന്നു.

ശ്ലോകം 35

ഏവം ജന്മനി കര്‍മ്മണി
ഹി അകര്‍തുര്‍ അഞ്ജനസ്യ ച
വര്‍ണയന്തി സ്മ കവയോ
വേദ-ഗുഹ്യാനി ഹൃത്-പതെഃ
വിവര്‍ത്തനം

അങ്ങനെ ജ്ഞാനിയായ മനുഷ്യന് ഇനിയും ജനിയ്ക്കാനിരിയ്ക്കുന്ന നിഷ്ക്രിയമായ ജീവസത്തകളുടെ ജനനത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിവരിയ്ക്കാന്‍ സാധിയ്ക്കുന്നു, അതൊക്കെ ഒരുപക്ഷെ വൈദിക സാഹിത്യങ്ങളില്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞു എന്ന് വരില്ല. ഭഗവാന്‍ നമ്മുടെ ഹൃത്തില്‍ വസിയ്ക്കുന്നത് കൊണ്ട് മാത്രമാണിങ്ങനെ സാധിയ്ക്കുന്നത്.
ശ്ലോകം 36

സ വ ഇദം വിശ്വം അമോഘ-ലീലഃ
സൃജതി അവത്യ അത്തി ന സജ്ജതേ അസ്മിന്‍
ഭൂതേഷു ചന്ദാര്‍ഹിത ആത്മ-തന്ത്രഃ
സദ്-വര്‍ഗികം ജിഘ്രാതി സദ്-ഗുണേശഃ

വിവര്‍ത്തനം

ഭഗവാനേ, പഞ്ചേന്ദ്രിയങ്ങളുടെയും നാഥനായ അവിടുന്ന് ഷഢൈശ്വര്യങ്ങളാല്‍ സര്‍വ്വവ്യാപിയും അവിടുത്തെ ലീലകളൊക്കെയും കളംങ്കരഹിതവുമാകുന്നു. ലവലേശംപോലും അവിടുത്തെ സ്വയം ബാധിയ്ക്കാത്ത രീതിയില്‍ അങ്ങ് പ്രത്യക്ഷ പ്രപഞ്ചത്തിന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ യഥാവിധി നടപ്പില്‍ വരുത്തുന്നു. എല്ലാ ജീവത്മാവിന്റ്റെയും ഉള്ളില്‍ സ്ഥിതി ചെയ്യുന്ന അവിടുന്ന് എല്ലായ്പ്പോഴും സ്വതന്ത്രനുമാണ് .

ശ്ലോകം 37

ന ചാസ്യ കസ്ചിന്‍ നിപുണേന ധാതുര്‍
അവൈതി ജന്തുഃ കുമനീശ ഉതിഃ
നാമാനി രൂപാണി മനോ-വചോഭിഃ
ശാന്തന്വതോ നാത-ചാര്യം ഇവജ്ന

വിവര്‍ത്തനം

ഒരു നാടകത്തിലേ അഭിനേതാവിനെപ്പോലെ നടമാടുന്ന ഭഗവാന്‍റെ ആത്മീയരൂപത്തെയും, നാമങ്ങളെയും ലീലകളെയും ഒന്നും തന്നെ അല്പ ബുദ്ധികളായവര്‍ക്ക് മനസ്സിലാകുകയില്ല, മാത്രവുമല്ല അത്തരം കാര്യങ്ങളവര്‍ക്ക് വാക്കിലൂടെയോ ചിന്തയില്‍ക്കുടിയോ പോലും അനുവര്‍ത്തിയ്ക്കുക സാദ്ധ്യവുമല്ല.

ശ്ലോകം 38

സ വേദ ധാതുഃ പദവീം പരസ്യ
ദുരാന്ത-വീര്യസ്യ രഥാങ-പാനേഃ
യൊ അമയായ ശാന്തതായാനുവൃത്യ
ഭജേത തത്-പാദ-സരോജ-ഗന്ധം

വിവര്‍ത്തനം

ഒരിയ്ക്കലും മാറ്റിവയ്ക്കാത്ത, അനര്‍ഗ്ഗളം തുടരുന്ന പരോപകാരപ്രദമായ ഭക്തിയുത പാദാനുസേവനം അതിനു മാത്രമേ കരങ്ങളില്‍ രഥചക്രം ധരിച്ച പ്രപഞ്ച സൃഷ്ടാവായ ഭഗവാനെ പൂര്‍ണൈശ്വര്യങ്ങളാലും, പൂര്‍ണ്ണ ശക്തിയിലും ആത്മീയ വിധാനത്തിലും വീക്ഷിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.

ശ്ലോകം 39

അതേഹ ധന്യ ഭഗവന്ത ഇത്തം
യദ് വസുദേവേ അഖില-ലോക-നാഥേ
കുര്‍വന്തി സര്‍വ്വാത്മകം ആത്മ-ഭാവം
ന യത്ര ഭൂയഃ പരിവര്‍ത്ത ഉഗ്രഃ

വിവര്‍ത്തനം

ഈ ലൌകിക ലോകത്തില്‍ ഇത്തരം സംശയങ്ങളിലൂടെ മുന്നേറുന്നവര്‍ക്ക് മാത്രമേ ജീവിതവിജയം കൈവരിച്ച് പൂര്‍ണ്ണമായും കാര്യങ്ങളെ ഗ്രഹിച്ച് മുന്നേറുവാന്‍ സാധിയ്ക്കുകയുള്ളൂ, കൂടാതെ ഇത്തരം അന്വേഷണങ്ങള്‍ നമ്മെ ആദ്ധ്യാത്മിക ഹര്‍ഷോന്മാദത്തിലേയ്ക്ക് നയിയ്ക്കുകയും അത്തരത്തിലുള്ള ഒരു ചര്യയിലൂടെ സഞ്ചരിയ്ക്കുന്ന ജീവാത്മാവിനെ ഭഗവാന്‍ ഭയാനകമായ ജനിമൃതികളാകുന്ന ആവൃത്തി ചക്രത്തില്‍ നിന്നും പരിപൂര്‍ണ്ണ മുക്തി നല്‍കുമെന്ന് ഭഗവാന്‍ ആവര്‍ത്തിച്ചുറപ്പിയ്ക്കുന്നു.

ശ്ലോകം 40

ഇദം ഭാഗവതം നാമ
പൂരണം ബ്രഹ്മ-സമ്മിതം
ഉത്തമ-ശ്ലോക-ചരിതം
ചകര ഭഗവാന്‍ ഋഷിഃ
നിഃശ്രേയസയ ലോകസ്യ
ധന്യം സ്വസ്തി-അയനം മഹത്

വിവര്‍ത്തനം

ഈ ശ്രീമദ് ഭാഗവതം ഭഗവാന്‍റെ സാഹിതീയ അവതാരങ്ങളില്പ്പെടുന്നു, കൂടാതെ അത് സാരഗ്രഹണം ചെയ്തിരിയ്ക്കുന്നത് ഭഗവാന്‍റെ തന്നെ അവതാരമായ ശ്രീല വ്യാസദേവനും. എല്ലാ ജനങ്ങളുടെയും ആത്യന്തികമായ നന്മ ഉദ്ദേശിച്ചുള്ളതാണീ ഗ്രന്ഥം, കൂടാതെ ഇത് പരമാനന്ദവും, പരിപൂര്‍ണ്ണതയും അതിലുപരി ജീവിത വിജയവും നേടിത്തരുന്നു.

ശ്ലോകം 41

തദ് ഇദം ഗ്രഹായം അശ
സൂതം അത്മവതം വരം
സര്‍വ്വ-വേദേതിഹാസനം
സാരം സാരം സമുദ്ദൃതം

വിവര്‍ത്തനം

എല്ലാ വൈദിക സാഹിത്യങ്ങളുടെയും പ്രപഞ്ച ചരിത്രങ്ങളുടെയും സത്തയെടുത്തതിനുശേഷം ശ്രീല വ്യാസദേവന്‍ ഈ ജ്ഞാനസാക്ഷാത്കാരത്തെ ആത്മസാക്ഷാത്കാരം ലഭിച്ചവരില്‍ ഏറ്റവു നിപുണനായ തന്റ്റെ പുത്രനായ ശ്രീല ശുകദേവ ഗോസ്വാമിയ്ക്ക് കൈമാറുകയാണുണ്ടായത്.

ശ്ലോകം 42

സ തു സംശ്രവായം അശ
മഹാരാജം പരീക്ഷിതം
പ്രായോപവിഷ്ടം ഗംഗായം
പരിതം പരമര്‍ഷിഭിഃ

വിവര്‍ത്തനം

വ്യാസ പുത്രനായ ശുകദേവ ഗോസ്വാമി, തനിയ്ക്ക് ലഭിച്ച ഭാഗവതത്തെ ഗംഗാതടത്തില്‍ തന്‍റെ മരണവും കാത്ത് മുനിമാരുടെ നടുവില്‍ നീരാഹാര വ്രതം അനുഷ്ഠിയ്ക്കുന്ന മഹാനായ ചക്രവര്‍ത്തി പരീക്ഷിത്തിന് കൈമാറി.

ശ്ലോകം 43

കൃഷ്ണേ സ്വ-ധാമോപഗതേ
ധര്‍മ്മ-ജ്ഞാനാദിഭിഃ സഹ
കാലൌ നഷ്ട-ദൃഷം ഏശ
പുരാണാര്‍ക്കോ അധുനോദിതഃ

വിവര്‍ത്തനം

ഈ ഭാഗവത പുരാണം സൂര്യനെ പോലെ പ്രശോഭിതമാണ്, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്‍റെ ധാമത്തിലേയ്ക്ക് ജ്ഞാനധര്‍മ്മാദികളോടൊപ്പം തിരിച്ചു പോയതിനുശേഷം ആവിര്‍ഭവിച്ചതാണിത്. കലിയുടെ ഉഗ്രപ്രഭാവത്താല്‍ ജ്ഞാനാന്ധത ബാധിച്ച് ഉള്‍ക്കാഴ്ച നഷ്ടമായ വ്യക്തികള്‍ക്ക് ഈ പുരാണത്തില്‍ നിന്ന് പ്രകാശം പകരാന്‍ സാധിയ്ക്കും.

ശ്ലോകം 44

തത്ര കീര്‍തയതോ വിപ്ര
വിപ്രാര്‍ശേര്‍ ഭൂരി-തേജസഃ
അഹം ചാദ്ധ്യാഗമം തത്ര
നിവിസ്തസ് തദ്-അനുഗ്രഹാത്
സോ അഹം വഃ ശ്രവയിശ്യാമി
യദാദിതം യത-മതി

വിവര്‍ത്തനം

അല്ലയോ ജ്ഞാനികളായ ബ്രാഹ്മണരേ, എപ്പോഴാണോ ശുകദേവ ഗോസ്വാമി ഗംഗാതടത്തില്‍ വച്ച് പരീക്ഷിത് ചക്രവര്‍ത്തിയുടെ സാമീപ്യത്താല്‍ ഭാഗവതം ഉരുവിട്ടത് ഞാനത് സശ്രദ്ധം ശ്രവിയ്ക്കുകയായിരുന്നു, അങ്ങനെ അദ്ദേഹത്തിന്‍റെ കൃപയാല്‍ ആ മഹാനും ശക്തനുമായ സന്യാസി വര്യനില്‍ നിന്നും നമുക്ക് ഭാഗവതം പഠിയ്ക്കാന്‍ സാധിച്ചു. നാമിപ്പോള്‍ അതെ രീതിയില്‍ നമ്മുടെ സാക്ഷാത്കാരങ്ങളിലൂടെ നിങ്ങളെ കേള്‍പ്പിയ്ക്കാന്‍ പോകുകയാണ്.
ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം മൂന്നിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.

No comments: